പയ്യോളി: റോഡ് മുറിച്ചുകടക്കണമെങ്കിൽ ജീവൻ പണയം വെക്കേണ്ട സാഹചര്യത്തിലാണ് പയ്യോളി ടൗൺ. ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്നത് കാരണം ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്നതും ഇറങ്ങുന്നതും ഒരു വശത്തുകൂടി മാത്രമാണ്. വടകര ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തുനിന്നുമുള്ള ബസുകൾ ഒരേസമയം സ്റ്റാൻഡിലേക്ക് കയറുമ്പോൾ തന്നെ ഇതേ ഭാഗത്തേക്കുള്ള ബസുകൾ ഇതുവഴി ഇറങ്ങുകയും ചെയ്യുമ്പോൾ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
കൂടാതെ വടകര ഭാഗത്തേക്ക് ദേശീയപാത വഴി പോകുന്ന വാഹനങ്ങൾ സർവിസ് റോഡിലേക്ക് കയറുന്നതും ബസ് സ്റ്റാൻഡ് കവാടത്തിനു മുന്നിൽവെച്ചാണ്. ഇതിനിടയിലാണ് ബസ് കയറാനുള്ള നെട്ടോട്ടത്തിൽ ജീവൻ പണയംവെച്ച് യാത്രക്കാർ തലങ്ങും വിലങ്ങും പരക്കം പായുന്നത്.
കെ.എസ്.ആർ.ടി.സി. അടക്കമുള്ള ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറാതെ റോഡിൽ നിർത്തുന്നതും അപകട സാധ്യതയും ഗതാഗതക്കുരുക്കും വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിന് മുന്നിൽ സ്വകാര്യ ബസിനടിയിൽപെട്ട സ്കൂട്ടർ യാത്രക്കാരൻ ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.
സമാനമായ അവസ്ഥയാണ് ടൗണിലെ പ്രധാന ജങ്ഷനായ പേരാമ്പ്ര റോഡും ബീച്ച് റോഡും സംഗമിക്കുന്ന സ്ഥലത്തുള്ളത്. ഇവിടെ മേൽപാലം നിർമാണം നടക്കുന്നതിനാൽ ഇരുഭാഗത്തേക്കും ഭാഗികമായി സർവിസ് റോഡാണ് ഉപയോഗിക്കുന്നത്. ബീച്ച് റോഡിൽ നിന്നോ പേരാമ്പ്ര റോഡിൽ നിന്നോ കാൽനടയായി പോലും മറുവശത്തേക്ക് കടക്കണമെങ്കിൽ നാലു റോഡുകളിൽനിന്ന് വാഹനങ്ങൾ വരുന്നത് ശ്രദ്ധിച്ചാൽ മാത്രമേ അപകടത്തിൽപടാതെ രക്ഷപ്പെടുകയുള്ളൂ.
മേൽപാലം പ്രവൃത്തി ടൗണിന് വടക്കുഭാഗത്ത് മാത്രം തുടങ്ങിയപ്പോൾ സ്ഥിതി ഇതാണെങ്കിൽ തെക്കുഭാഗത്തുകൂടി തുടങ്ങിയാൽ സ്ഥിതി എന്താവുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ട്രാഫിക് നിയന്ത്രിക്കാനും വിദ്യാർഥികളടക്കമുള്ള കാൽനടക്കാരെ മറികടക്കാൻ സഹായിക്കാനും ആവശ്യത്തിന് പൊലീസുകാരോ ഹോം ഗാർഡോ ഇല്ലാത്തത് സ്ഥിതി കൂടുതൽ വഷളാക്കുന്നു.
ഇഴഞ്ഞുനീങ്ങി റോഡ് പ്രവൃത്തി; പൊടിയിൽ മുങ്ങി വള്ളിയോത്ത് അങ്ങാടി
പൊടിശല്യംകൊണ്ട് പൊറുതിമുട്ടി വ്യാപാരികളും നാട്ടുകാരും
എകരൂൽ: വള്ളിയോത്ത് അങ്ങാടിയിൽ എത്തിയാൽ പൊടിയിൽ കുളിക്കാം. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലൂടെ നടന്നുപോകുന്നവരും അങ്ങാടിയിൽ നിൽക്കുന്നവരും പൊടിയിൽനിന്ന് രക്ഷപ്പെടാൻ കൈകൊണ്ട് മൂക്കുപൊത്തുകയാണ്. മാസങ്ങളായി എകരൂൽ-വള്ളിയോത്ത് റോഡിന്റെ അവസ്ഥയാണിത്.
അങ്ങാടിയിലെ വ്യാപാരികളും പ്രദേശവാസികളും പൊടി തിന്ന് മടുത്തു. ഓരോ വാഹനം കടന്നുപോകുമ്പോഴും കുതിച്ചുയരുന്ന പൊടിയാണ് റോഡ് മുഴുവൻ. കാഴ്ച അസാധ്യമായ റോഡിലൂടെ മൂക്കും വായും പൊത്തിപ്പിടിച്ചാണ് ഇരുചക്രവാഹന യാത്രക്കാരുടെ പോക്ക്. എകരൂൽ-കാക്കൂർ റോഡിലെ എകരൂൽമുതൽ ആനപ്പാറ ജനതമുക്ക് വരെയുള്ള രണ്ടു കിലോമീറ്റർ ദൂരം റോഡ് നവീകരണ പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങളായി. റോഡ് നവീകരിച്ച് ബി.എം ആൻഡ് ബി.സി ടാറിങ് നടത്തുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 3.3 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 21നാണ് ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചുകൊണ്ട് റോഡ് നവീകരണ പ്രവൃത്തി തുടങ്ങിയത്. ആറുമാസമായിട്ടും റോഡ് പ്രവൃത്തി പൂർത്തിയാക്കാനോ പൊടിശല്യത്തിൽനിന്ന് മോചനമായി റോഡ് നനക്കാനോ കരാറുകാർ തയാറായിട്ടില്ല. മാസങ്ങളോളം പൊടിയിൽ മുങ്ങിക്കുളിച്ചിട്ടും അധികൃതർ തുടരുന്ന നിസ്സംഗതയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. കാൽനടക്കാരും വാഹനയാത്രക്കാരും നിത്യേന പൊടി ശ്വസിച്ച് അലർജിയും ആസ്തമയുംപോലുള്ള ഗുരുതര രോഗങ്ങളുടെ ഭീഷണിയിലായിട്ടും അധികൃതരോ കരാറുകാരായ അഞ്ജന കൺസ്ട്രക്ഷൻസ് കമ്പനിയോ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. റോഡ് നിർമാണ കരാറുകാരുടെ പ്രതിനിധികളോട് നിരവധിതവണ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഒരടിയോളം ഉയർത്തിയാണ് റോഡ് നവീകരിക്കുന്നത്. ചില ഭാഗങ്ങളിൽ ഓവുചാൽ നിർമിക്കാതെയാണ് റോഡ് ഉയർത്തുന്നത്. ഇത് കാരണം മഴപെയ്താൽ റോഡിന് ഇരുവശത്തുമുള്ള വീട്ടുകാരും വ്യാപാരികളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വള്ളിയോത്ത് ഭാഗത്ത് ഏതാനും വീടുകളിൽ വെള്ളം കയറിയിരുന്നു. റോഡ് ടാറിങ് പ്രവൃത്തി അനന്തമായി നീളുന്നത് നാട്ടുകാരിൽ അമർഷത്തിന് കാരണമായിട്ടുണ്ട്. തിങ്കളാഴ്ചമുതൽ ടാറിങ് തുടങ്ങുമെന്നാണ് കരാറുകാരിൽനിന്ന് ലഭിച്ച വിവരമെന്ന് പി.ഡബ്ല്യു.ഡി അസി. എൻജിനീയർ ഷമേജ് ‘മാധ്യമ’ത്തോട് പറഞ്ഞു.