കോഴിക്കോട് : കംപ്യൂട്ടർ ലാബ് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഈസ്റ്റ്ഹിൽ പ്രീ-എക്സാമിനേഷൻ പരിശീലന കേന്ദ്രത്തിലെ വിദ്യാർഥികൾ സൂചനാസമരം നടത്തി.
കേന്ദ്രത്തിൽ സ്റ്റെനോഗ്രാഫി കോഴ്സ് തുടങ്ങി ഒരുവർഷം പിന്നിട്ടിട്ടും പ്രായോഗിക പരിശീലനത്തിന് കംപ്യൂട്ടർ ഇല്ല. പരീക്ഷയ്ക്ക് എഴുതേണ്ട ആറ് പേപ്പറികളിൽ ഒന്നായ കംപ്യൂട്ടർ വേഡ് പ്രോസസിങ്ങിന് പരിശീലനം അനിവാര്യമാണ്. പട്ടികജാതി ഡയറക്ടറേറ്റിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. നിലച്ചുപോയ കംപ്യൂട്ടർ കോഴ്സുകൾ പുനരാരംഭിക്കുക, ശൗചാലയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാർഥികൾ ഉന്നയിച്ചു.
പട്ടികജാതി-വർഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥി സമരസമിതി ജനറൽ കൺവീനർ അക്ഷര അധ്യക്ഷയായി. സി.കെ. ശ്രീമോൾ, രതുൽ, അനഘ, കെ. ദേവയാനി, പി. സിദ്ധാർഥൻ, ഉണ്ണികൃഷ്ണൻ പൊറ്റപ്പടി, രമേശൻ രാമനാട്ടുകര തുടങ്ങിയവർ സംസാരിച്ചു.