വടകര: കടലുണ്ടിയുടെ സൗന്ദര്യവത്കരണത്തിന് വടകരയുടെ കൈയൊപ്പ് ചാർത്തി കോളജ് ഓഫ് എൻജിനീയറിങ് വിദ്യാർഥികൾ. എന്‍.എസ്.എസ് വളന്റിയര്‍മാരുടെ സപ്തദിന ക്യാമ്പിലൂടെയാണ് ടൂറിസ്റ്റ് കേന്ദ്രമായ കടലുണ്ടിയില്‍ സൗന്ദര്യവത്കരണ പദ്ധതികളിൽ വിദ്യാർഥികൾ പങ്കാളികളായത്.
ഉത്തരവാദിത്ത ടൂറിസം മിഷനു കീഴില്‍ കടലുണ്ടി പഞ്ചായത്തില്‍ ആര്‍ട്ട് സ്ട്രീറ്റ്, ഗ്രീന്‍ സ്ട്രീറ്റ് എന്നിവയൊരുക്കുന്നതിന് എന്‍.എസ്.എസ് വളന്റിയര്‍മാര്‍ പഞ്ചായത്തധികൃതരുടെ നിർദേശാനുസരണം വിവിധ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി. കടലുണ്ടി റെയിൽവേ ഗേറ്റ് മുതല്‍ കമ്യൂണിറ്റി റിസര്‍വ് വരെയുള്ള പ്രധാന പാതക്ക് ഇരുവശവും നാട്ടുചെടികള്‍ വെച്ചുപിടിപ്പിച്ചും പരിസ്ഥിതി സൗഹൃദ ഇരിപ്പിടം ഒരുക്കിയും കണ്ടല്വനങ്ങള്ക്കിടയിലെ പ്രദേശം വൃത്തിയാക്കി സൗന്ദര്യവത്കരിച്ചുമാണ് വിദ്യാർഥികൾ പദ്ധതികളുടെ ഭാഗമായത്. കേരള സര്‍ക്കാറിന്റെ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായാണ് കടലുണ്ടി പക്ഷിസങ്കേതത്തിന്റെ ചുറ്റുപാടുമുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കി ആകര്‍ഷകമാക്കാന്‍ ‘അന്പ്’ സപ്തദിന സഹവാസ ക്യാമ്പ് കോളജിലെ എന്‍.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ചത്.
സ്ട്രീറ്റ് പദ്ധതിക്കായി വിദ്യാര്‍ഥികള്‍ നടത്തിയ പ്രവൃത്തികള്‍ നേരില്‍ കാണാന്‍ മന്ത്രി പി.കെ. മുഹമ്മദ് റിയാസ് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തി പ്രവൃത്തി വിലയിരുത്തി. വളന്റിയര്‍ സെക്രട്ടറിമാരായ ഗൗതം കൃഷ്ണ, എം.പി. ദില്‍ഫ എന്നിവരുടെ നേതൃത്വത്തിലാണ് എൻജിനീയറിങ് വിദ്യാര്‍ഥികള്‍ നിർമാണ പ്രവൃത്തി നടത്തിയത്. എൻജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഒ.എ. ജോസഫ്, പ്രോഗ്രാം ഓഫിസര്‍ ടി. റോഹിത് റാം, അസി. പ്രഫസര്‍മാരായ ടി.പി. രാജേഷ്, ടി. നിധിന് തുടങ്ങിയവർ സംബന്ധിച്ചു.