വടകര: വ്യത്യസ്ത വാഹനാപകട കേസിൽ ഒന്നരക്കോടി നഷ്ടപരിഹാരം നൽകാൻ വിധി. കോഴിക്കോട് കക്കോടി പയ്യപ്പള്ളി മൂരിക്കര കുറ്റിയാടംപൊയിൽ മുഹമ്മദ് ഫവാസിന് (25) വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കേസിൽ 56,69,100 രൂപ നഷ്ടപരിഹാരം നൽകാൻ വടകര മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജ് കെ. രാമകൃഷ്ണൻ വിധിച്ചു. വിധി സംഖ്യയുടെ ഒമ്പത് ശതമാനം പലിശയും കോടതിച്ചെലവുമടക്കം ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.
2019 ഒക്ടോബർ 23നാണ് കേസിനാസ്പദമായ അപകടം നടന്നത്. ദേശീയപാതയിൽ വെങ്ങളം അണ്ടി കമ്പനിക്ക് സമീപംവെച്ച് കെ.എൽ 76 എ-142 നമ്പർ ബൈക്കിൽ പിൻസീറ്റ് യാത്രക്കാരനായ മുഹമ്മദ് ഫവാസിന് എതിരെ വന്ന കെ.എൽ 18 ടി-1521 ബുള്ളറ്റ് ഇടിച്ചുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. മറ്റൊരു വാഹനാപകട കേസിൽ 76,77,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.
കണ്ണൂർ താണ ആനയിടുക്ക് ഹജു മൻസിലിൽ ആയിഷ ലിയ (19) മരിച്ച കേസിലാണ് വിധി. 2020 ജൂൺ 13ന് ദേശീയപാതയിലെ ഇരിങ്ങൽ മാങ്ങൂൽ പാറയിൽവെച്ചുണ്ടായ അപകടത്തിലാണ് ആയിഷ ലിയ മരിച്ചത്. ഇവർ സഞ്ചരിച്ച കാറിൽ ടാങ്കർ ലോറിയിടിച്ചായിരുന്നു അപകടം. ഒമ്പത് ശതമാനം പലിശയും കോടതി ചെലവുമടക്കം ന്യൂസ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് ഈ കേസിലും നഷ്ടപരിഹാരം നൽകേണ്ടത്.