വില്യാപ്പള്ളി: ഗവർണർ സംസ്ഥാന മന്ത്രിസഭയെ നോക്കുകുത്തിയാക്കി തോന്നിയപോലെ പ്രവർത്തിക്കുകയാണെന്ന് സി.പി. എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ എം.എൽ.എ പറഞ്ഞു. സി.പി.എം മയ്യന്നൂർ ലോക്കൽ കമ്മിറ്റി ഓഫിസ് ആർ.ബി. കുറുപ്പ് സ്മാരകത്തിന്റെയും, മയ്യന്നൂർ ബ്രാഞ്ച് സെന്റർ ഒ.പി. കണാരൻ, സി.എച്ച്. അബ്ദുറഹിമാൻ സ്മാരകത്തിന്റയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് സർക്കാറിനെ സഹായിക്കാനുള്ളതാണ് ഗവർണർ പദവി. മന്ത്രിസഭയുടെ ഉപദേശം ഇല്ലാതെ ഒരു തീരുമാനവും ഗവർണർ എടുക്കാൻ പാടില്ല.
ഗവർണർ ഫയലുകളിൽ അടയിരിക്കുന്ന സാഹചര്യം ഉണ്ടായി. ക്ഷമയുടെ നെല്ലിപ്പലക കണ്ടതിനു ശേഷമാണ് മുഖ്യമന്ത്രിക്ക് ഗവർണർക്കെതിരെ പ്രതികരിക്കേണ്ടി വന്നത്. ഗവർണർ ജനകീയനായി ആളുകൾക്കിടയിലൂടെ ഇറങ്ങി നടക്കേണ്ട ആളല്ല. ഗവർണറെ ആക്രമിച്ച് ഓടിക്കാൻ ഉള്ളതായിരുന്നില്ല എസ്.എഫ്.ഐയുടെ പ്രതിഷേധം. തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്രസർക്കാർ തയാറാവണമെന്നും അവർ പറഞ്ഞു. ഏരിയ സെക്രട്ടറി ടി.പി. ഗോപാലൻ അധ്യക്ഷത വഹിച്ചു.
കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഫോട്ടോ അനാച്ഛാദനം നടത്തി. എം. നാരായണൻ, പി.എം. ലീന, കെ.കെ. ബിജുള, രാജൻ, കെ.കെ. മോഹനൻ, കെ.കെ. ദിനേശൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.