മുക്കം: സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതി തകിടംമറിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എസ്.എഫ്.ഐ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം പോസ്റ്റ് ഓഫിസിനുമുന്നിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചു. ഉച്ചഭക്ഷണ പദ്ധതിക്കായി കോടിക്കണക്കിന് രൂപയാണ് ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രം നൽകാനുള്ളത്. പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ കേന്ദ്ര സർക്കാറിന്റെ സമീപനം ദോഷകരമായി ബാധിച്ചിരിക്കുകയാണ്.
രാജ്യത്തെ സ്കൂൾ വിദ്യാർഥികൾക്ക് പതിറ്റാണ്ടുകളായി ലഭിക്കുന്ന ഉച്ചഭക്ഷണം മറ്റെല്ലാ ജനപക്ഷ പദ്ധതികളും തകർക്കുന്നതുപോലെ തകർക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. തിരുവമ്പാടി ഏരിയ സെക്രട്ടറി മുഹമ്മദ് ഫാരിസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മിഥുൻ സാരംഗ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് റാഫി, ഇ. അബി, വൈശാഖ്, പുണ്യ എന്നിവർ സംസാരിച്ചു.