വടകര: പുത്തൂരിൽ വൈദ്യുതിവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മണ്ണിടിച്ചിലും വീഴാറായ മരങ്ങളും അപകടഭീഷണി ഉയർത്തുന്നു. വൈദ്യുതിവകുപ്പിന്റെ നിരവധി ഓഫിസുകളും സബ് സ്റ്റേഷനും അതിഥിമന്ദിരവും ക്വാർട്ടേഴ്സുകളുമുള്ള ഭൂമിയിലാണ് അപകടഭീഷണി. കോൺക്രീറ്റ് റോഡിനോട് ചേർന്നുള്ള ഭൂമിയിൽ 50ൽപരം മരങ്ങളാണ് വീഴാൻപാകത്തിലായത്. കഴിഞ്ഞദിവസം നാലുമരം വീണിരുന്നു. ചിലയിടങ്ങളിൽ മണ്ണിടിഞ്ഞ് താഴ്ന്നനിലയിലാണ്.
കാലവർഷത്തിൽ മരങ്ങൾ വീണ് അപകടം ഒഴിവാകുകയായിരുന്നു. സബ് സ്റ്റേഷനിൽനിന്ന് അറക്കിലാട് ശിവക്ഷേത്രം ഭാഗത്തേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തതോടെ നിരവധി വാഹനങ്ങളും വിദ്യാർഥികളും ഉൾപ്പെടെ ഇതുവഴിയാണ് യാത്രചെയ്യുന്നത്. വൻമരങ്ങൾ സമീപത്തെ വീടുകൾക്കും ഭീഷണിയാണ്. വൈദ്യുതിവകുപ്പിന്റെ അതിഥിമന്ദിരത്തിന്റെ ഭാഗത്ത് ഭീഷണിയായ മരങ്ങൾ കഴിഞ്ഞദിവസം മുറിച്ചുമാറ്റിയിരുന്നു. എന്നാൽ, നാട്ടുകാർക്ക് ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയുണ്ടായിട്ടില്ല.