കോഴിക്കോട് കോതിയിലെ മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങൾ തള്ളിയ ഹൈകോടതി സിംഗിൾ ബെഞ്ച് നിരീക്ഷണങ്ങൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പ്ലാന്റ് നിർമാണവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് പരാതിക്കാർക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് വിധിയിൽ വന്ന നിരീക്ഷണങ്ങൾ ഡിവിഷൻ ബെഞ്ച് പൂർണമായി റദ്ദാക്കി. അതേസമയം, മാലിന്യപ്ലാന്റ് നിർമാണവുമായി കോഴിക്കോട് കോർപറേഷന് മുന്നോട്ടു പോകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കും.
കല്ലയിപ്പുഴയുടെ തീരത്ത് കണ്ടൽക്കാടുകൾ നശിപ്പിച്ചാണ് പ്ലാന്റ് നിർമാണം നടത്തുന്നതെന്നുമുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമരസമിതിയാണ് ഹൈകോടതി സിംഗിൾ ബെഞ്ചിന് സമീപിച്ചത്. സമരസമിതിയുടെ വാദങ്ങൾ തള്ളിയ സിംഗിൾ ബെഞ്ച് നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ കോഴിക്കോട് കോർപറേഷന് നിർദേശം നൽകി. ഇതിനെതിരെയാണ് പരാതിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.