
വടകര: ദേശീയപാതയിൽ ചോറോട് കാറിടിച്ച് വയോധിക മരിക്കുകയും പേരക്കുട്ടി കോമയിലാകുകയും ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.വി. ബെന്നിയാണ് വെള്ളിയാഴ്ച വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഭാരതീയ ന്യായ സംഹിത നിലവിൽ വരുന്നതിന് മുമ്പ് കേസ് രജിസ്റ്റർ ചെയ്തതിനാൽ, ഐ.പി.സി വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്.
ഐ.പി.സി 279 അമിത വേഗത്തിലും അശ്രദ്ധയോടെയും പൊതുസ്ഥലത്ത് വാഹനം ഓടിക്കൽ, 338 അമിത വേഗത്തിലും അശ്രദ്ധയോടെയും വാഹനം ഓടിച്ച് ഗുരുതരമായി പരിക്കേൽപിക്കൽ, ഐ.പി.സി 304(A) അശ്രദ്ധമായി വാഹനം ഓടിച്ച് മരണം സംഭവിക്കുക, 201 തെളിവ് നശിപ്പിക്കുക എന്നിവയും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.
അപകടത്തിൽ പരിക്കേറ്റവരെ ശ്രദ്ധിക്കാതെ പോകുകയും രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തില്ലെന്ന കുറ്റമാണ് മോട്ടോർ വാഹന നിയമത്തിലുള്ളത്. തെളിവുകളായി അപകടംവരുത്തിയ കാറിന്റെ മാറ്റിയ ഗ്ലാസിന്റെ ഭാഗങ്ങൾ, സ്പെയർ പാർട്സുകൾ വാങ്ങിയ ബില്ലുകൾ, ഇൻഷുറൻസ് ക്ലെയിം വാങ്ങിയ രേഖകൾ എന്നിവയും കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
കാറിടിച്ച് 2024 ഫെബ്രുവരി 17നാണ് ഗുരുതര പരിക്കേറ്റ് ദൃഷാന മെഡിക്കൽ കോളജിൽ കോമാവസ്ഥയിലാവുകയും മുത്തശ്ശി കണ്ണൂർ പയ്യന്നൂർ പുത്തലത്ത് ബേബി (62) മരണപ്പെടുകയും ചെയ്തത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി പുറമേരി സ്വദേശി മീത്തലെ പുനത്തിൽ ഷെജീലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഷെജീൽ പാസ്പോർട്ടും അപകടം വരുത്തിയ കാറും വിട്ടുകിട്ടാൻ അഡ്വ. പ്രേംലാൽ മുഖേന വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.