
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18ാം വാർഡായ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉജ്വല വിജയം. 234 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കൃഷ്ണദാസൻ കുന്നുമ്മൽ വിജയിച്ചത്. ആകെ പോൾ ചെയ്ത 1570 വോട്ടുകളിൽ യുഡിഎഫ് സ്ഥാനാർത്ഥി കൃഷ്ണദാസൻ കുന്നുമ്മൽ 879 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി ഷാജു 645 വോട്ടുകളും കരസ്ഥമാക്കി.
ബി ജെ പി സ്ഥാനാർഥി വിജേഷിന് 38 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. യു.ഡി.എഫ് ശക്തി കേന്ദ്രമായ ഒന്നാം ബൂത്തിൽ യുഡിഎഫ് 507 വോട്ടുകൾ നേടിയപ്പോൾ ഇടത് സ്ഥാനാർഥിക്ക് 321 വോട്ടുകൾ മാത്രമാണ് നേടാനായത്. ബി ജെ പി 24 വോട്ടുകളും കരസ്ഥമാക്കി. ഈ ബൂത്തിൽ യുഡിഎഫ് 186 വോട്ടുകളുടെ ലീഡ് നേടി. ഇടത് പ്രതീക്ഷയായിരുന്ന രണ്ടാം ബൂത്തിൽ യുഡിഎഫ് 372 വോട്ടുകളും എൽ ഡി എഫ് 324 വോട്ടുകളും ബി ജെ പി 14 വോട്ടുകളും നേടി.
രണ്ടാം ബൂത്തിൽ ഇടത് മുന്നണി 48 വോട്ടുകൾക്ക് പിന്നിലായത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. രണ്ട് ബൂത്തുകളിൽ നിന്നായി സ്വതന്ത്രൻ എട്ട് വോട്ടുകൾ നേടി. ഗ്രാമ പഞ്ചായത്ത് അംഗമായ കുഞ്ഞാലി മമ്പാട്ടിന്റെ നിര്യാണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ126 വോട്ടുകൾക്കായിരുന്നു യുഡിഎഫ് വിജയിച്ചിരുന്നത്. യു.ഡി.എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി