ബാലുശ്ശേരി: ബാലുശ്ശേരി ബസ്സ് സ്റ്റാൻഡിൽ വിദ്യാർഥികൾക്ക് യാത്ര ദുരിതമാകുന്നു. സ്കൂളുകളിലും കോളജുകളിലുമെത്താൻ ബസിൽ യാത്ര ചെയ്യേണ്ട വിദ്യാർഥികൾക്കാണ് യാത്രാ ദുരിതത്തോടൊപ്പം ശാരീരിക-മാനസിക പീഡനങ്ങളും അനുഭവിക്കേണ്ടിവരുന്നത്. വിദ്യാലയങ്ങൾ വിട്ടുകഴിഞ്ഞ് സ്റ്റാൻഡിലെത്തുന്ന വിദ്യാർഥികളെ ബസിൽ കയറ്റാൻ പലപ്പോഴും മടി കാണിക്കുകയാണ് സ്വകാര്യ ബസുകൾ.
മഴയായാലും വെയിലായാലും വിദ്യാർഥികളെ ഏറെ നേരം ഡോറിനു പുറത്ത് നിർത്തിയിട്ടേ ബസിൽ കയറ്റാറുള്ളൂ. ബസ് സ്റ്റാർട്ട് ചെയ്തുനീങ്ങുമ്പോൾ മാത്രമാണ് മിക്ക ബസുകളും കുട്ടികളെ കയറ്റുന്നത്. ഇത് പലപ്പോഴും കുട്ടികളെ അപകടത്തിൽപെടുത്തുന്നുമുണ്ട്. കഴിഞ്ഞ ദിവസം ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ചുമട്ടുതൊഴിലാളികൾ ഇക്കാര്യത്തിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ സംഘർഷത്തെ തുടർന്ന് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി പ്രതിഷേധിച്ചിരുന്നു.
വിദ്യാർഥികൾക്ക് സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പെണ്ണകം ബാലുശ്ശേരിയുടെ നേതൃത്വത്തിൽ നന്മണ്ട ജോയന്റ് ആർ.ടി.ഒക്കും സ്റ്റാൻഡിൽ ആവശ്യത്തിന് പൊലീസിനെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും പരാതി നൽകി.