കുറ്റ്യാടി: ഓണപ്പൊട്ടന്മാർ ഇത്തവണയും പതിവ് തെറ്റിച്ചില്ല. കുറ്റ്യാടി മേഖലയിൽ പര്യടനം നടത്തുന്ന എല്ലാ ഓണപ്പൊട്ടന്മാരും ആദ്യം എത്തിയത് നിട്ടൂരിലെ പന്തീരടി എട്ടുകെട്ടിൽ. നൂറ്റാണ്ട് മുമ്പ് തുടങ്ങിയ ആചാരമാണിത്. മാവേലിയുടെ പ്രതിരൂപമായ ഓണപ്പൊട്ടന്റെ വേഷം കെട്ടുന്ന മലയ സമുദായ കാരണവരും പന്തീരടിക്കാരും തമ്മിലുണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായാണ് ഈ സന്ദർശനം.
ദൂരദിക്കുകളിൽ താമസിക്കുന്ന ഓണപ്പൊട്ടന്മാർ പന്തീരടി തറവാട്ടിലെത്താൻ ഏറെ വൈകും. ഇത് പരിഹരിക്കാൻ അന്നത്തെ കാരണവർ പന്തീരടിക്ക് അടുത്ത് വെള്ളോലിപ്പിൽ എന്ന പ്രദേശത്ത് മലയ സമുദായക്കാർക്ക് വീടുവെക്കാൻ സ്ഥലം നൽകി, ഓണപ്പൊട്ടൻ കെട്ടിയാൽ ആദ്യം പന്തീരടിയിൽ എത്തണം എന്ന വ്യവസ്ഥയോടെ.
പിന്നീടിങ്ങോട്ട് ഓണപ്പൊട്ടൻ അതിരാവിലെതന്നെ പന്തീരടിയിലെത്തും. അവിടെ നിന്ന് അരിയും പുടവയും സ്വീകരിച്ച ശേഷം മാത്രമേ മറ്റിടങ്ങളിലേക്ക് പോകാറുള്ളൂ. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന പന്തീരടി എട്ടുകെട്ടിൽ നിലവിൽ താമസക്കാരില്ലെങ്കിലും അവകാശികൾ എട്ടുകെട്ടിന്റെ പഴമയുടെ തനിമ നഷ്ടപ്പെടാതെ സംരക്ഷിച്ചു പോരുന്നു. ഓണപ്പൊട്ടന്മാരെ സ്വീകരിക്കാൻ കുടുംബക്കാർ ഉൾപ്പെടെ നിരവധി പേരാണ് പന്തീരടി എട്ടുകെട്ടിൽ എത്തിയത്. കേളപ്പൻ പണിക്കർ, ചാത്തുപ്പണിക്കർ, അരുൺ നിട്ടൂർ, രാജേഷ് നിട്ടൂർ എന്നിവരാണ് ഓണപ്പൊട്ടന്മാരെ നയിക്കുന്നത്.