തിരുവമ്പാടി: വിവാദമായ പുന്നക്കൽ വഴിക്കടവിലെ കാട്ടുപന്നി നായാട്ട് നിയമാനുസൃതമല്ലെന്ന് വനംവകുപ്പ് അന്വേഷണ റിപ്പോർട്ട്. ആറ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നതിൽ ചട്ടങ്ങൾ ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കാട്ടുപന്നിയെ വെടിവെക്കുന്നതിനുള്ള സർക്കാർ ഉത്തരവിലെ നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. വെടിവെച്ച് കൊന്ന കാട്ടുപന്നികളെ ഭക്ഷണ വിഭവമാക്കിയെന്ന പരാതിയിൽ കഴമ്പില്ല. കാട്ടുപന്നികളെ സംസ്കരിച്ച കുഴികൾ പരിശോധിച്ചപ്പോൾ ജഡങ്ങൾ കണ്ടെത്തിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
അന്വേഷണ റിപ്പോർട്ട് വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ വി.പി. ജയപ്രകാശ് വ്യാഴാഴ്ച ഫോറസ്റ്റ് കൺസർവേറ്റർക്ക് കൈമാറി. സംഭവത്തിൽ കേസെടുക്കുന്ന കാര്യം റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നാണ് സൂചന.
പുന്നക്കൽ വഴിക്കടവിൽ കാട്ടുപന്നികളെ വെടിവെക്കാൻ നിർദേശം നൽകിയത് താനാണെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നേരത്തെ വ്യക്തമാക്കിയിരുന്നു. കാട്ടുപന്നി നായാട്ട് സംബന്ധിച്ച് വനംവകുപ്പ് വിജിലൻസ് അന്വേഷണം ആരംഭിച്ചത് ‘മാധ്യമം’ ആണ് ആദ്യം വാർത്ത പ്രസിദ്ധീകരിച്ചത്.