കൊയിലാണ്ടി: ഫിഷിങ് ഹാർബറിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനത്തിന് തുടക്കമാവുമ്പോൾ ഹാർബർ എൻജിനീയറിങ് ഓഫിസ് പൂട്ടാൻ ശ്രമം നടക്കുന്നതായി പരാതി.കഴിഞ്ഞ ദിവസമാണ് രണ്ടാംഘട്ട വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഈ ഘട്ടത്തിലാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടി പ്രവർത്തിക്കേണ്ട ഹാർബർ സബ് ഡിവിഷനൽ ഓഫിസ് പൂട്ടാൻ ശ്രമം തുടങ്ങിയിട്ടുള്ളത്.
ജീവനക്കാരുടെ ശമ്പളം നൽകാതിരിക്കുകയും ഓഫിസ് ദൈനംദിന പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്യുന്നതുവഴി ഓഫിസ് പ്രവർത്തനം നിലക്കുന്ന മട്ടാണ്. ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തേ ഹാർബർ എൻജിനീയറിങ് ഓഫിസിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ശ്രമമുണ്ടായിരുന്നു. എന്നാൽ, പ്രതിഷേധത്തെ തുടർന്ന് ഓഫിസ് നിലനിർത്തുകയാണുണ്ടായത്.
2007ൽ ആരംഭിച്ച ഓഫിസ് 66 കോടി രൂപയുടെ കൊയിലാണ്ടി ഹാർബർ പ്രവൃത്തിയും കോടികൾ ചെലവഴിച്ചു നിർമിച്ച കുറ്റ്യാടി, കൊയിലാണ്ടി, പേരാമ്പ്ര തീരദേശ റോഡുകളുടെ പ്രവൃത്തിക്ക് നേതൃത്വവും നൽകിയിട്ടുണ്ട്. സബ് ഡിവിഷൻ ഓഫിസ് അടച്ചുപൂട്ടാനുള്ള സർക്കാറിന്റെ നീക്കം അവസാനിപ്പിക്കണമെന്നും ഓഫിസിലെ ജീവനക്കാരുടെ ശമ്പളം നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജില്ല ആസൂത്രണ സമിതി അംഗവും നഗരസഭ കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ വി.പി. ഇബ്രാഹിംകുട്ടി സർക്കാറിനോട് ആവശ്യപ്പെട്ടു