കുറ്റ്യാടി: പ്രമാദമായ ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിന് മൂന്നാണ്ട്. ഇരകളായ നാനൂറോളം പേർക്ക് ഇനിയും നീതി ലഭിച്ചില്ല. 2021 ആഗസ്റ്റിലാണ് കുറ്റ്യാടി കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ പ്രവർത്തിച്ച ജ്വല്ലറിയുടെ ബ്രാഞ്ചുകൾ അടച്ചുപൂട്ടി ഉടമകളും നടത്തിപ്പുകാരും മുങ്ങിയത്.
നിക്ഷേപകരിൽ നിന്ന് കോടികൾ സമാഹരിച്ചാണ് ജ്വല്ലറികൾ അടച്ചു പൂട്ടിയതെന്നാണ് കേസ്. നിക്ഷേപകരിൽ വീട്ടമ്മമാരും രോഗികളും ഉൾപ്പെടുന്നു. ഇരകൾ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചും വിവിധ പാർട്ടികളുടെ സഹായത്തോടെ മാസങ്ങളോളം സമരം നടത്തിയിട്ടും ആരുടെയും തുകയോ സ്വർണമോ തിരിച്ചു കിട്ടിയിട്ടില്ല.
പിന്തുണയായി നിന്ന പാർട്ടികളും ഇപ്പോൾ കൈയൊഴിഞ്ഞ മട്ടാണെന്ന് നിക്ഷേപകർ പറയുന്നു. നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ് ആക്ഷൻ കമ്മിറ്റി. കുറ്റ്യാടി, നാദാപുരം, പയ്യോളി പൊലീസാണ് കേസ് അന്വേഷിച്ചത്. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇരുപതും, പയ്യോളി കോടതിയിൽ ആറും കേസുകളാണ് പൊലീസ് സമർപ്പിച്ചിരിക്കുന്നത്.
കമ്മിറ്റിയുടെ ശ്രമഫലമായി കേസിൽ പിന്നീട് ബഡ്സ് നിയമം കൂടി ചുമത്തിയിട്ടുണ്ട്. അതിനാവശ്യമായ തെളിവുകൾ കൂടി ചേർക്കേണ്ടതിനാൽ കേസിൽ ഇതുവരെയും വിചാരണ തുടങ്ങിയിട്ടില്ല. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിനും ഗവൺമെന്റ് ഉത്തരവ് വന്നിട്ടുണ്ട്. പക്ഷേ, ക്രൈംബ്രാഞ്ച് അന്വേഷണം എന്ന നിക്ഷേപകരുടെ ആവശ്യത്തിന് ഇതുവരെ സർക്കാർ അനുമതി ലഭിച്ചിട്ടില്ല. ഇത്രയും കാലമായിട്ടും തൊണ്ടിമുതൽ കണ്ടെടുക്കാനാവാത്തതും ചിലരെ കേസിൽ നിന്ന് ഒഴിവാക്കിയതും രാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്നും കമ്മിറ്റി ആരോപിക്കുന്നു.
കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സ്ഥലം എം.എൽ.എക്കും പരാതി നൽകിയിട്ടുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. അതിനു പുറമെ, കേസിൽ കേന്ദ്ര അന്വേഷണവും ആവശ്യപ്പെടുമെന്ന് ഭാരവാഹികളായ ചെയർമാൻ പി.കെ. മഹ്ബൂബ്, ജന. കൺവീനർ പി. സുബൈർ എന്നിവർ പറഞ്ഞു.