തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പി.വി.ആർ നാച്വറോ പാർക്കിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ലൈസൻസ് നൽകിയത് വിവാദത്തിൽ. ഫെബ്രുവരി ഏഴിനാണ് ലൈസൻസ് നൽകിയത്. 2023 ആഗസ്റ്റിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പാർക്കിന് പ്രവർത്തനാനുമതി നൽകിയത്. കഴിഞ്ഞ ആറു മാസം പാർക്ക് പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെയാണെന്നത് ഗ്രാമപഞ്ചായത്തിനെ പ്രതിക്കൂട്ടിലാക്കി.
കഴിഞ്ഞ ദിവസം പാർക്കുമായി ബന്ധപ്പെട്ട കേസ് ഹൈകോടതി പരിഗണിക്കവെയാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ കോടതി ചൂണ്ടിക്കാട്ടിയത്. ഇതുസംബന്ധിച്ച് കോടതി സർക്കാറിനോട് വിശദീകരണം തേടിയതോടെയാണ് പഞ്ചായത്ത് ഇതുവരെ ലൈസൻസ് നൽകാതിരുന്നത് വിവാദമാകുന്നത്.
ജലവും വൈദ്യുതിയും ആവശ്യമില്ലാത്ത ചിൽഡ്രൻസ് പാർക്കും റൈഡറുമാണ് കഴിഞ്ഞ ആറുമാസമായി പ്രവർത്തിച്ചുവരുന്നതെന്നാണ് പഞ്ചായത്തിന്റെ വാദം. എന്നാൽ, ലൈസൻസില്ലാതെ പാർക്ക് എങ്ങനെ പ്രവർത്തിച്ചുവെന്ന ചോദ്യം ഹൈകോടതി ഉന്നയിച്ചതോടെ തിരക്കിട്ട് ഫെബ്രുവരി ഏഴിന് കൂടരഞ്ഞി പഞ്ചായത്ത് പാർക്കിന് ലൈസൻസ് നൽകി. ലൈസൻസ് ഫീ കുടിശ്ശികയായ ഏഴു ലക്ഷം രൂപ പാർക്ക് ഉടമയിൽനിന്ന് ഈടാക്കി. ഇതോടെ, കഴിഞ്ഞ ആറു മാസം പി.വി.ആർ നാച്വറോ പാർക്കിനെ പഞ്ചായത്ത് അനധികൃതമായി സഹായിച്ചുവെന്ന ആരോപണം ശക്തമായി.
ഇടതുമുന്നണിയാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. 2018 ജൂണിൽ 14ന് പ്രളയത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് പി.വി.ആർ നാച്വറോ പാർക്ക് അടച്ചുപൂട്ടാൻ കാരണമായത്. സ്ഥലപരിശോധന നടത്തിയ അന്നത്തെ വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു പാർക്ക് അടക്കാൻ ഉത്തരവിട്ടത്. പാർക്ക് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി കേരള നദീതട സംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ പരാതിയിലാണ് ഹൈകോടതിയിൽ പാർക്കിനെതിരെ കേസ് നടക്കുന്നത്.
കക്കാടംപൊയിൽ പി.വി.ആർ നാച്വറോ പാർക്ക് ലൈസൻസ് സംബന്ധിച്ച് ഗ്രാമപഞ്ചായത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പ്രതികരിച്ചു.