മുക്കം: മലയോര മേഖലയിലെ നിരവധി പേർക്ക് ആശ്വാസമായ മുക്കത്തെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം കൊടുവള്ളിയിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതായി സൂചന. 2021 ലാണ് കോവിഡ് കാലത്തെ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായി ആഴ്ചയിലൊരിക്കല്‍ മുക്കത്ത് ഡ്രൈവിങ് ടെസ്റ്റ് അനുവദിച്ചിരുന്നത്. പിന്നീട് അപേക്ഷ സാധാരണ രീതിയിലായ സാഹചര്യത്തില്‍ ഇത് ഒഴിവാക്കിയിരുന്നു.
എന്നാല്‍, ടെസ്റ്റ് കേന്ദ്രം നിര്‍ത്തലാക്കിയതോടെ അപേക്ഷകര്ക്കുണ്ടായ പ്രയാസങ്ങള്‍ ലിന്റോ ജോസഫ് എം.എല്‍.എ ജില്ല വികസനസമിതി യോഗത്തില്‍ ഉന്നയിച്ചതിനെതുടര്‍ന്ന് 2022 ല്‍ മുക്കത്ത് സ്ഥിരം ടെസ്റ്റ് കേന്ദ്രം അനുവദിച്ച് കോഴിക്കോട് റീജനൽ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ഉത്തരവിടുകയായിരുന്നു. വ്യാഴാഴ്ചയാണ് മുക്കം പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഗ്രൗണ്ടില്‍ ടെസ്റ്റ് നടക്കുന്നത്. അതിരാവിലെ ആരംഭിക്കുന്ന ഡ്രൈവിങ് ടെസ്റ്റിന് മലയോരമേഖലയിൽനിന്നുള്ളവർ നേരത്തേ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഏറെ പ്രയാസപ്പെട്ടായിരുന്നു വിവിധ കേന്ദ്രങ്ങളില്‍ എത്തിയിരുന്നത്. സ്ത്രീകളടക്കമുള്ള നിരവധി അപേക്ഷകര്‍ക്ക് ഏറെ സൗകര്യപ്രദമായിരുന്നു മുക്കത്തെ ടെസ്റ്റ് കേന്ദ്രം.
ഇതിനിടെയാണ് ചില കേന്ദ്രങ്ങളില്‍നിന്നുള്ള സമ്മര്‍ദത്തെതുടര്‍ന്ന് കേന്ദ്രം കൊടുവള്ളിയിലേക്ക് മാറ്റാൻ ശ്രമങ്ങള്‍ നടക്കുന്നത്. ആര്.ടി ഓഫിസ് കൊടുവള്ളിയിലാണെങ്കിലും ഇവിടെ ടെസ്റ്റ് കേന്ദ്രം ഉണ്ടായിരുന്നില്ല. വിവിധ ദിവസങ്ങളില്‍ ചാത്തമംഗലം, തിരുവമ്പാടി, മുക്കം, താമരശ്ശേരി എന്നീ കേന്ദ്രങ്ങളിലായാണ് ടെസ്റ്റ് നടക്കുന്നത്. മുക്കത്ത് ആർ.ടി ഓഫിസിനായി നഗരസഭ സ്ഥലം ഏറ്റെടുത്ത് നൽകിയാൽ കെട്ടിടം നിർമിച്ച് പുതിയ ഓഫിസ് അനുവദിക്കുമെന്ന് ലിന്റോ ജോസഫ് ടെസ്റ്റ് ഉദ്ഘാടന വേദിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയാണ് പുതിയ നീക്കം.
മുക്കത്ത് നടന്ന നവകേരള സദസ്സില്‍ മുക്കത്ത് ആര്.ടി ഓഫിസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനവും നല്‍കിയിരുന്നു. നിലവില്‍ മുക്കം ടൗണിലെ രണ്ട് ബസ് സ്റ്റാന്‍ഡുകള്‍ക്ക് സമീപത്തായി പ്രവർത്തിക്കുന്ന ടെസ്റ്റ് ഗ്രൗണ്ട് അപേക്ഷകര്‍ക്ക് സൗകര്യപ്രദമായ സ്ഥലമാണ്.