കൂളിമാട്: റീടാറിങ് നടത്തി ദിവസങ്ങൾക്കകം തകർന്ന കൂളിമാട്-എരഞ്ഞിമാവ് റോഡിൽ പൊതുമരാമത്ത് വിജിലൻസിന് പിന്നാലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗവും പരിശോധന നടത്തി. ആറ് കോടി രൂപ മുടക്കി റീ ടാർ ചെയ്ത റോഡിന്റെ പ്രവൃത്തിയിൽ ക്രമക്കേടും അഴിമതിയുമുണ്ടെന്നാണ് ആക്ഷേപം. പൊതുമരാമത്ത് വിജിലൻസിന്റെ അന്വേഷണത്തിനിടെ കഴിഞ്ഞദിവസം കരാറുകാരനും ഉദ്യോഗസ്ഥരും റോഡിലെ കുഴികളും പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളും അടക്കാൻ ശ്രമം നടത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.ടി. അസീസാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗത്തിന് പരാതി നൽകിയത്. ഇതിന്റെ ഭാഗമായി കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച റോഡിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. മാവൂർ മുതൽ എരഞ്ഞിമാവ് വരെയാണ് റീടാറിങ് നടത്തിയത്. കൂളിമാട്, ചുള്ളിക്കാപറമ്പ്, പന്നിക്കോട് ഭാഗങ്ങളിലാണ് ടാറിങ് തകർന്നത്.