കോഴിക്കോട്∙ കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായിക മേളക്ക് ഒക്ടോബർ 12ന് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമാവും. അത്ലറ്റിക്സ്, അക്വാട്ടിക്, ഗെയിംസ് മത്സരങ്ങളാണ് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 12 മുതൽ 14വരെ കോഴിക്കോട് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ വച്ചാണ് അത്ലറ്റിക്സ് മത്സരങ്ങൾ നടക്കുന്നത്.
17 സബ്ജില്ലയിൽ നിന്നായി 3500 കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒഫീഷ്യൽസും പങ്കെടുക്കും. ആറ് വിഭാഗങ്ങളിലായി 102 മത്സര ഇനമാണ് നടത്തപ്പെടുന്നത്. നിരവധി ദേശീയ താരങ്ങളെ സൃഷ്ടിക്കപ്പെടുന്ന റവന്യു ജില്ലാ കായിക മേളക്ക് സംഘാടക സമിതിയുടെയും വിവിധ അധ്യാപക സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.
ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കേണ്ട കോഴിക്കോട് ജില്ലാ ടീമിനെ ഈ ചാമ്പ്യാൻഷിപ്പിൽ നിന്നും തിരഞ്ഞെക്കും. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ് കുമാർ പതാക ഉയർത്തുന്നടോടെ മേളക്ക് തുടക്കമാകും. 9.30ന് കായിക മേള തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻന്റ് ഷീജ ശശി മുഖ്യാതിഥിയാവും.