വടകര: വില്യാപ്പള്ളിയിൽ കൊളത്തൂർ റോഡിൽ തിരുമന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും വീട്ടിലും കവർച്ച. വീട്ടിൽനിന്ന് 12 പവൻ സ്വർണാഭരണവും ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണവും കവർന്നു. ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കണ്ണൂർ ചാലാട് ശ്രീനിലയത്തിൽ വില്യാപ്പള്ളി എം.ജെ ആശുപത്രിയിലെ ഡോ. സനീഷ് രാജിന്റെ കണിയാങ്കണ്ടി പാലത്തിനുസമീപത്തെ വാടകവീട് കുത്തിത്തുറന്നാണ് സ്വർണാഭരണം കവർന്നത്.
ഡോക്ടർ വീട് പൂട്ടി കണ്ണൂർ ചാലാട്ടുള്ള സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. അലമാരയിൽ സൂക്ഷിച്ച രണ്ട് ചെയിൻ, ഒരു വള, ഒരു നെക്ലസ് എന്നിവയടക്കം 12 പവൻ ആഭരണങ്ങളാണ് മോഷണംപോയത്.
ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങളാണ് തകർത്തത്. ഭണ്ഡാരങ്ങളിൽ പണം എത്രയുണ്ടെന്ന് വ്യക്തമല്ല. ക്ഷേത്രത്തിൽ 16 സി.സി ടി.വി കാമറുകളുണ്ട്. ചില കാമറകളിൽ മോഷ്ടാവിന്റ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
മഴക്കോട്ട് ധരിച്ച് മുഖംമറച്ചയാളാണ് കവർച്ച നടത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. തിങ്കളാഴ്ച പുലർച്ചെ 12.05ന് ക്ഷേത്രത്തിലേക്ക് കടന്ന മോഷ്ടാവ് ഭണ്ഡാരങ്ങൾ തകർത്ത് 12.20ന് പുറത്തേക്ക് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. ക്ഷേത്ര ഓഫിസിന്റെ പൂട്ട് തകർത്തെങ്കിലും ശ്രീകോവിലിനുള്ളിൽ കയറാൻ കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തിലെ മോഷണത്തിനുശേഷമാണ് ഡോക്ടറുടെ വീട്ടിൽ മോഷണം നടത്തിയത്.
തിരുമന ക്ഷേത്ര ഭണ്ഡാരത്തിൽനിന്ന് മോഷ്ടിച്ച കുറച്ച് നാണയങ്ങൾ ഡോക്ടറുടെ വീടിന്റെ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വടകര പൊലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.