മാവൂർ: നാലംഗകുടുംബം താമസിച്ച താൽക്കാലിക വീട് കനത്തമഴയിൽ തകർന്നു. മാവൂർ പഞ്ചായത്ത് ആറാം വാർഡിൽ കണ്ണിപറമ്പ് പഴയം കുന്നത്ത് ഗിരിജയുടെ കുടുംബം താമസിച്ച ഓടുപാകിയ വീടാണ് തകർന്നത്. ബുധനാഴ്ച രാവിലെ എട്ടരക്കാണ് അപകടം. വിലപിടിപ്പുള്ള ഫർണിച്ചറുകളടക്കം മുഴുവൻ ഉപകരണങ്ങളും നശിച്ചു.
ഗിരിജയും മകൻ സുജിത്തും സുജിത്തിന്റെ ഭാര്യ അഞ്ജുവും ഇവരുടെ മകൻ സൂര്യജിത്തുമാണ് താമസിക്കുന്നത്. ഇവർ പ്രാതൽ കഴിക്കാനായി തൊട്ടടുത്ത് ഗിരിജയുടെ മറ്റൊരു മകന്റെ വീട്ടിൽപോയ സമയത്തായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഗിരിജക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിച്ചിരുന്നു. ഇതിന്റെ നിർമാണത്തിനായി പഴയ വീട് പൊളിച്ചപ്പോൾ താമസിക്കാനായി സമീപത്തെ പറമ്പിൽ ഒരുക്കിയ ഷെഡാണ് തകർന്നത്. മാവൂർ പൊലീസും വില്ലേജ് ഓഫിസർ കെ. ജയലതയും സ്ഥലം സന്ദർശിച്ചു.