കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് പ്രകടനം നടത്തിയ 300 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷത്തിൽ കലാശിച്ചിരുന്നു.
ആര്.പി.എഫ് എസ്.ഐ ഷിനോജ്കുമാറിന്റെ പരാതിയിലാണ് കേസ്. സംഘർഷത്തിൽ എസ്.ഐക്കും പരിക്കേറ്റിരുന്നു.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവങ്ങളുടെ തുടക്കം. ‘രാജ്യം അന്ധകാരത്തിൽ’ എന്ന മുദ്രാവാക്യമുയർത്തി മാനാഞ്ചിറ എസ്.കെ. പ്രതിമക്ക് മുന്നിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഡി.സി.സിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തുകയായിരുന്നു.
നൂറിലധികം പേർ പങ്കെടുത്ത മാർച്ച് റെയിൽവേ സ്റ്റേഷനു സമീപമെത്തിയതോടെ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷഭാഷയിലാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. പ്രകടനം റെയിൽവേ സ്റ്റേഷനുമുന്നിൽ പൊലീസ് തടഞ്ഞെങ്കിലും പ്രവർത്തകർ പൊലീസിനെ തള്ളിമാറ്റിയും മറ്റുവഴികളിലൂടെയും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനുള്ളിൽ കയറി. ഇവിടെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
ട്രെയിൻ സ്റ്റേഷനിലേക്ക് എത്താനായതോടെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പ്ലാറ്റ്ഫോമിന് പുറത്തേക്ക് മാറ്റിയെങ്കിലും റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച പരസ്യത്തിലെ നരേന്ദ്ര മോദിയുടെ ഫ്ലക്സ് പ്രവർത്തകരിലൊരാൾ വലിച്ചുകീറി. ഇതോടെ ഇദ്ദേഹത്തെ ടൗൺ അസി. കമീഷണർ പി. ബിജുരാജ് പിടികൂടിയതോടെ വാക്കുതർക്കവും സംഘർഷവുമായി. പ്രവർത്തകർ പൊലീസിനെതിരെ തിരിഞ്ഞതോടെയാണ് ലാത്തിച്ചാർജ് തുടങ്ങിയത്.
ഇതിനിടെ ഒരുവിഭാഗം പ്രവർത്തകർ റെയിൽവേ സ്റ്റേഷന് മുന്നിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും ഫ്ലക്സുകൾ വലിച്ച് കീറുകയും ചെയ്തു. സംഘർഷത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്തുമടക്കം പത്തുപേർക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു.
രാഹുൽ ഗാന്ധിക്ക് ഒരുവശത്ത് പിന്തുണയർപ്പിക്കുന്ന സി.പി.എം, മറുവശത്ത് പ്രതിഷേധിക്കുന്ന പ്രവർത്തകരുടെ തലയടിച്ചുപൊട്ടിക്കാൻ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു.
ബി.ജെ.പിയെ സുഖിപ്പിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. രാജ്ഭവനിലേക്കും കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്കും പ്രകടനം നടത്തിയവരെയാണ് പൊലീസ് തല്ലിച്ചതച്ചത്. സംസ്ഥാന സർക്കാറിനെതിരെ സമരം നടത്തുമ്പോൾ പോലും ചെയ്യാത്ത അക്രമമമാണ് പൊലീസ് അഴിച്ചുവിട്ടത്.
മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നേരിട്ടുള്ള നിർദേശമാണ് ഇതിനുപിന്നിൽ. സർക്കാറിന്റെ തലക്കുമീതെ ഡെമോക്ലസിന്റെ വാളുപോലെയുള്ള കേസുകളിൽനിന്ന് രക്ഷനേടാൻ ബി.ജെ.പിയെ സന്തോഷിപ്പിക്കുകയാണ് സി.പി.എം. പ്രതിഷേധം പ്രകടിപ്പിക്കുന്ന 18ഉം 19ഉം വയസ്സ് പ്രായമുള്ളവരുടെ തലയടിച്ചുപൊട്ടിക്കാൻ മുഖ്യമന്ത്രിക്ക് ആരാണ് അധികാരം നൽകിയത്? -വി.ഡി. സതീശൻ ചോദിച്ചു.