ഫറോക്ക്: ഉത്സവം കണ്ട് മടങ്ങുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു. പരുത്തിപ്പാറ കോവയിൽ അംഗൻവാടിക്ക് സമീപം തിരുത്തിയാട്ട് ഐ.ടി. ഗംഗാധരന്റെ ഭാര്യ പി. വിമല (59) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ അറപ്പുഴ പാലത്തിന് സമീപമാണ് അപകടം.
കരിയാത്തൻകോട്ട കാവിലെ ഉത്സവം കണ്ട് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണതിനാൽ ഏറെ നേരം തിരച്ചിൽ നടത്തിയാണ് കണ്ടെത്തിയത്. ഉടനെ ഇടിച്ച കാറിൽതന്നെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോടു നിന്നും വേങ്ങരയിലേക്ക് പോകുന്ന കാറാണ് അപകടം വരുത്തിയത്. പിതാവ്: പരേതനായ പുതിയോട്ടിൽ വേലായുധൻ നായർ. മാതാവ്: പരേതയായ ജാനകി അമ്മ.
മക്കൾ: ഐ.ടി. നവീൻ (ഖത്തർ), ഐ.ടി. അഞ്ജലി. മരുമക്കൾ: ലിജി, വിഷ്ണുഹരി. സഹോദരങ്ങൾ: ഗോപാലൻകുട്ടി, പ്രേമ, രമണി, തങ്കം, ഉഷ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.