കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങൾ വൈകിട്ട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ്സ് റദ്ദാക്കി. സംഘർഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. എംകെ രാഘവൻ എംപി, മുനവറലി തങ്ങൾ, കെ.കെ രമ തുടങ്ങിയവർ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്.
ഡിജിപിക്കും എൻഐഎയ്ക്കും ബിജെപി പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പരിപാടി മാറ്റാനുളള തീരുമാനമെടുത്തത്. സ്ഥലത്ത് സംഘർഷ സാധ്യത ഉണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഹാത്രസിൽ കലാപമുണ്ടാക്കാൻ പോപുലർ ഫ്രണ്ട് ശ്രമിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ഇതിനായി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കം നാലു പേർ നിയോഗിക്കപ്പെട്ടെന്നാണ് ഇ.ഡിയുടെ ആരോപണം. ഇവർക്ക് 1 കോടി 36 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചെന്നും ഇ.ഡി ആരോപിക്കുന്നു. ഡൽഹി കലാപത്തിലും പോപുലർ ഫ്രണ്ടിന് പങ്കുളളതായി ഇ.ഡി കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലുണ്ട്.വിദേശത്തു നിന്ന് പണമെത്തിയത് റൌഫ് ശെരീഫെന്ന പോപുലർ ഫ്രണ്ട് നേതാവ് വഴിയാണെന്ന് ഇ.ഡിയുടെ റിപ്പോർട്ടിൽ പറയുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ഈ പണം പോപുലർ ഫ്രണ്ട് ഉപയോഗിച്ചെന്നും ഇ.ഡി ലഖ്നൌ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
kappan-solidarity-meeting-postponed