പേരാമ്പ: പേരാമ്പ്ര പൊലീസ് സ്റ്റേഷന്റെ ഒരു ദിവസത്തെ ഭരണം കുട്ടിപ്പൊലീസിന്. പാറാവ്, വയർലെസ്, ജി.ഡി ചുമതല, ഒപ്പം ഫ്രണ്ട് ഓഫിസിലും കുഞ്ഞു കാക്കിധാരികളായിരുന്നു. സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാനായി പേരാമ്പ്ര സ്റ്റേഷനിലെത്തിയതായിരുന്നു വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ 89 എസ്.പി.സി കാഡറ്റുകൾ. സബ് ഡിവിഷനൽ ഡിവൈ.എസ്.പി വി.വി. ലതീഷ്, സ്റ്റേഷൻ ഹൗസ് ഓഫിസർ പി. ജംഷീദ് എന്നിവർ കാഡറ്റുകളുമായി സംവദിച്ചു.
സ്റ്റേഷൻ പ്രവർത്തനങ്ങളെ സംബന്ധിച്ച് സബ് ഇൻസ്പെക്ടർമാരായ പി. ഷബീർ, എം. കുഞ്ഞമ്മത്, പി.ആർ.ഒ ചന്ദ്രൻ കീർത്തനം, രതീഷ് നിരവത്ത്, ടി.കെ. റിയാസ്, പി.എം. സുധീഷ് കുമാർ, ബിനില ദിനേഷ്, സുരേഷ് കുമാർ എന്നിവർ ക്ലാസുകൾ നൽകി. ട്രെയിനർമാരായ പ്രവീൺകുമാർ, സാബു സ്കറിയ, പി.ടി. പ്രദീഷ്, ഒ.വി. മണി എന്നിവർ സ്ഫോടകവസ്തുക്കൾ കണ്ടെത്തൽ, മയക്കുമരുന്ന്, തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവക്കായി പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിനെ പരിചയപ്പെടുത്തി. അധ്യാപകരായ കെ.പി. മുരളി കൃഷ്ണദാസ്, എസ്. അനുവിന്ദ്, ഷിജി ബാബു എന്നിവർക്കൊപ്പം രക്ഷിതാക്കളും സന്ദർശനത്തിന് നേതൃത്വം നൽകി.