നാദാപുരം: നാദാപുരം-തലശ്ശേരി റോഡിൽ ഞായറാഴ്ച രാവിലെ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി. ശക്തമായ പൊട്ടലിൽ റോഡിന്റെ ഇടതുഭാഗത്ത് മീറ്ററുകളോളം പൂർണമായി തകർന്നു. ഇതിന് തൊട്ടുമുകളിൽ പതിവായി പൈപ്പ് പൊട്ടി റോഡ് പൂർണമായും തകർന്നനിലയിലാണ്.
റിപ്പയർ ചെയ്യുന്തോറും പുതിയ പൊട്ടലാണ് ഇവിടുത്തെ പതിവുകാഴ്ച. ഏതാനും മീറ്ററകലെ പൊലീസ് ബാരക്സിന് സമീപം പൈപ്പ് പൊട്ടി റിപ്പയർ ചെയ്യാനെടുത്ത കുഴി ശരിയായ നിലയിൽ മൂടാത്തതിനാൽ ഇവിടെ അപകടക്കുഴിയായി മാറിയിരിക്കയാണ്. ഫുട്പാത്തിലൂടെയാണ് ഇവിടെ വാഹനങ്ങൾ സഞ്ചരിക്കുന്നത്.
എയർപോർട്ട് റോഡിൽ തൂണേരി വരെ ജൽജീവൻ മിഷന്റെ പദ്ധതിക്കെടുത്ത നിരവധി കുഴികൾകൊണ്ട് റോഡ് നിറഞ്ഞിരിക്കുകയാണ്. അപകട മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്. നാദാപുരം തുണിക്കച്ചറായി റോഡ്, ആശുപത്രി പരിസരം എന്നിവിടങ്ങളിലും പൈപ്പ് പൊട്ടി വെള്ളം റോഡിൽ പരന്നൊഴുകുകയാണ്.