നാദാപുരം: സെക്യൂരിറ്റി നിയമനത്തിന്റെ പേരിൽ രാഷ്ട്രീയപോര് മൂർച്ഛിച്ച നാദാപുരം താലൂക്കാശുപത്രി പ്രവർത്തനം താളം തെറ്റിയനിലയിൽ. സൂപ്രണ്ട് ദീർഘമായ അവധിയിൽ പ്രവേശിച്ചു. ജീവനക്കാരുടെ പരാതിയിൽ ആശുപത്രി പ്രവർത്തനം നിയന്ത്രിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനെതിരെ പൊലീസ് കേസെടുത്തതോടെ രാഷ്ട്രീയ ഏറ്റുമുട്ടലും രൂക്ഷമായി. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കമാണ് ആശുപത്രിയുടെ പ്രവർത്തനം നിലക്കുന്ന അവസ്ഥയിലേക്ക് വളർന്നിരിക്കുന്നത്.
ഈ മാസം ഒമ്പതിന് ആശുപത്രിയിൽ പുതിയ സെക്യൂരിറ്റിക്കാരെ നിയമിക്കാനുള്ള അഭിമുഖം നടന്നിരുന്നു. എന്നാൽ, ലിസ്റ്റിലുള്ളവരെ നിയമിക്കാതെ നേരത്തേ ജോലി ചെയ്ത ജീവനക്കാരനെ രണ്ടുദിവസം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോലിക്ക് അയക്കുകയാണെന്നാണ് പ്രധാന ആരോപണം. ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പ്രകാരം വിമുക്തഭടന്മാർ അല്ലാത്തവരെ ജോലിക്ക് നിയമിക്കാൻ കഴിയില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയിലെത്തിയ സെക്യൂരിറ്റിക്കാരനെ ജോലിയിൽ പ്രവേശിക്കുന്നത് ജീവനക്കാർ എതിർത്തതോടെ ആശുപത്രിയിൽ സംഘർഷം ഉടലെടുക്കുകയാണ്. ഇതിനിടയിൽ ആശുപത്രിയിൽ എത്തിയ ബ്ലോക്ക് പ്രസിഡന്റും എച്ച്.എം.സി അംഗങ്ങളും നഴ്സിങ് സൂപ്രണ്ട് അടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് ജീവനക്കാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. ജീവനക്കാരുടെ പരാതിയിൽ പ്രസിഡന്റടക്കമുള്ളവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർമാരുടെയും നഴ്സിങ് അസിസ്റ്റന്റുമാരുടെയും നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതേതുടർന്ന് സ്പെഷാലിറ്റി ചികിത്സകൾ ലഭിക്കാത്തതിനാൽ രോഗികൾ അധികവും സ്വകാര്യ ക്ലിനിക്കുകളെയാണ് ചികിത്സക്കായി ആശ്രയിക്കുന്നത്. ജനറൽ മെഡിസിൻ വിഭാഗത്തിൽ ആവശ്യമായ ഡോക്ടറില്ലാത്തതിനാൽ അത്യാഹിത രോഗികളെയെല്ലാം മറ്റാശുപത്രികളിലേക്ക് പറഞ്ഞുവിടലാണ് പതിവ്. ഒ.പിയിലും പനി ക്ലിനിക്കിലും മാത്രം ലഭിച്ചിരുന്ന സേവനം പുതിയ വിവാദത്തോടെ പൂർണമായും നിലക്കുന്ന സ്ഥിതിയാണ്. നേരത്തേ രാത്രി ഏഴുവരെ പ്രവർത്തിച്ചിരുന്ന ലാബുകളും എക്സറേ യൂനിറ്റും വൈകീട്ട് അഞ്ചിന് തന്നെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനാൽ ഭീമമായ തുക നൽകി രോഗികൾ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്.
ആശുപത്രി പരിസരത്ത് നിയന്ത്രണമൊന്നുമില്ലാത്തതിനാൽ സുരക്ഷാഭീതിയിലാണ് ജോലി ചെയ്യുന്നതെന്ന് ജീവനക്കാർ പറഞ്ഞു. അനധികൃത നിയമനത്തെ എതിർക്കുമെന്ന് പ്രഖ്യാപിച്ച് യൂത്ത് ലീഗ് അടക്കമുള്ള യുവജന സംഘടനകളും സി.പി.എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ വ്യാജ പരാതി നൽകി കേസെടുപ്പിച്ചതായി ആരോപിച്ച് ജീവനക്കാർക്കെതിരെ സി.പി.എം നാദാപുരം ലോക്കൽ കമ്മിറ്റിയും രംഗത്തിറങ്ങിയിട്ടുണ്ട്.