നാദാപുരം: ശനിയാഴ്ച രാത്രി ക്രിമിനൽ സംഘം നടത്തിയ അക്രമത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ കൂളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ്, പൊടിപ്പിൽ വിപിൻലാൽ എന്നിവരെ നാദാപുരം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
രാത്രി എട്ടുമണിയോടടുത്ത് ഭൂമിവാതുക്കൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ കന്നുകുളം മണികണ്ഠമഠത്തിന് സമീപത്താണ് അക്രമി സംഘം ബൈക്ക് തടഞ്ഞ് അക്രമിച്ചത്. കണ്ണിൽ മുളക് സ്പ്രേ അടിച്ചതിനുശേഷം മാരകായുധങ്ങളുപയോഗിച്ചായിരുന്നു അക്രമം. വാഹനങ്ങളിൽ വന്ന യാത്രക്കാർ ഒച്ചവെച്ചതിനെത്തുടർന്നാണ് അക്രമികൾ ഓടിപ്പോയത്. രണ്ടു യുവാക്കൾക്കും കാലിനും കൈക്കും പൊട്ടലേൽക്കുകയും ആഴത്തിലുള്ള മുറിവുമുണ്ട്. ലഹരി സംഘത്തിൽപെട്ടവരാണ് അക്രമി സംഘമെന്ന് നാട്ടുകാർ പറഞ്ഞു.
ഒരുമാസം മുമ്പ് ഇതേ ക്രിമിനൽ സംഘം പ്രദേശത്തെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി അക്രമം കാട്ടിയതിനെതിരെ വീട്ടുടമ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ പ്രതികാരമാണ് യുവാക്കൾക്ക് നേരെ നടന്ന അക്രമമെന്ന് കരുതുന്നു. നാട്ടിൽ അശാന്തി വിതക്കുന്ന ക്രിമിനൽ സംഘത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.