ഉളേള്യരി: മാമ്പൊയിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഫാർമസിസ്റ്റില്ലാത്തതിനാൽ രോഗികൾ ദുരിതത്തിൽ. മരുന്ന് കിട്ടാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ദിനംപ്രതി മുന്നൂറിലധികം രോഗികളെത്തുന്ന ആശുപത്രിയിൽ മൂന്നു ഫാർമസിസ്റ്റുകളാണ് വേണ്ടത്. ഇതിൽ ഒരാളുടേത് സ്ഥിര നിയമനവും മറ്റു രണ്ടു പേരുടേത് താൽക്കാലിക നിയമനവുമാണ്. താൽക്കാലിക നിയമനം ആശുപത്രി വികസന സമിതിയാണ് നടത്തുന്നത്. നിലവിലുണ്ടായിരുന്ന രണ്ട് താൽക്കാലിക ജീവനക്കാരും ജോലി ഒഴിവാക്കിപ്പോയതോടെയാണ് പ്രശ്നം രൂക്ഷമായത്. രണ്ടു പേർക്ക് പകരം ഒരാളെ താൽക്കാലികമായി വെച്ചിട്ടുണ്ടെങ്കിലും ജനത്തിന്റെ ദുരിതത്തിന് പരിഹാരമായിട്ടില്ല. പ്രായമായ രോഗികൾ വരെ ഏറെ നേരം ഫാർമസിക്കുമുന്നിൽ വരിനിൽക്കേണ്ട അവസ്ഥയാണ്. ഫാർമസിക്ക് മുന്നിലെ ഇടുങ്ങിയ സ്ഥലത്ത് രോഗികൾ ഏറെ നേരം കൂട്ടം കൂടി നിൽക്കുന്നത് മൂലമുള്ള രോഗവ്യാപന ഭീതിയും നിലവിലുണ്ട്.
ഉള്ള്യേരി, നടുവണ്ണൂർ, കോട്ടൂർ, അത്തോളി പഞ്ചായത്തുകളിലെ ആളുകൾ ആശ്രയിക്കുന്ന ആശുപത്രി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ്. പ്രശ്നം രൂക്ഷമായിട്ടും ബന്ധപ്പെട്ടവർ പരിഹാരം കാണുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.