നാദാപുരം: തെരുവുനായ്ക്കളുടെ ശല്യം കാരണം പൊറുതിമുട്ടി നാട്ടുകാർ. പ്രധാന ടൗണുകൾ മുതൽ ഗ്രാമീണ മേഖലയിലടക്കം ഇവയുടെ ശല്യം രൂക്ഷമാവുന്നു. വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെ പലയിടങ്ങളിലും ഇവയുടെ ആക്രമണത്തിന് വിധേയമാവുന്നു. കടിയേറ്റാൽ താലൂക്ക് ആശുപത്രികളിൽ മരുന്ന് കിട്ടാനില്ലാത്തതിനാൽ മെഡിക്കൽ കോളജുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
മൃഗസംരക്ഷണ വകുപ്പിൽ ഉൾപ്പെട്ട ജീവിയായതിനാൽ ഇവയെ സംരക്ഷിക്കണമെന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. എണ്ണം കുറക്കാൻ വന്ധ്യംകരണമാണ് അവലംബിക്കുന്നതെങ്കിലും ഒരു പഞ്ചായത്തിലും ഇതിനുള്ള സൗകര്യമില്ല.
ഗ്രാമപഞ്ചായത്തുകളാണ് ഇവയെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതെങ്കിലും അധികൃതർ കടുത്ത അലംഭാവം കാണിക്കുന്നതായി നാട്ടുകാർ പറയുന്നു. മേഖലയിൽ വളർത്തുമൃഗങ്ങളും സുരക്ഷിതമല്ല. പ്രശ്നത്തിൽ നടപടി സ്വീകരിക്കണമെന്ന് സ്വതത്ര കർഷകസംഘം കോഴിക്കോട് ജില്ല പ്രസിഡന്റ് ഒ.പി. മൊയ്തു, ജന. സെക്രട്ടറി നസീർ എന്നിവർ ആവശ്യപ്പെട്ടു.