ആയഞ്ചേരി: ഹരിതകർമ സേനക്ക് വാർഡുകളിൽനിന്ന് അജൈവ മാലിന്യങ്ങൾ എം.സി.എഫിൽ എത്തിക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്ത് വാങ്ങിയ വാഹനം ആറ് മാസങ്ങളായി ഷെഡിൽ. 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര ലക്ഷം രൂപ ഉപയോഗിച്ചാണ് കഴിഞ്ഞ മാർച്ചിൽ പിക്അപ് വാൻ വാങ്ങിയത്. വണ്ടിക്ക് ഡ്രൈവറെ നിശ്ചയിക്കാനുള്ള അഭിമുഖം ആഗസ്റ്റ് 27ന് തീരുമാനിച്ച് പത്രത്തിൽ പരസ്യം നൽകിയെങ്കിലും മാറ്റിവെച്ചു. യു.ഡി.എഫിലെ തർക്കം കാരണമാണ് തലേദിവസം കാരണം പറയാതെ മാറ്റിവെച്ചതെന്ന് എൽ.ഡി.എഫ് ആരോപിച്ചു. സ്വന്തം വണ്ടിയുണ്ടായിട്ടും ഉപയോഗിക്കാതെ ഖജനാവിലെ പണം ചെലവഴിക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നുവരുകയാണ്.
എത്രയുംപെട്ടെന്ന് ഡ്രൈവറെ നിശ്ചയിച്ച് വണ്ടി പുറത്തിറക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ പഞ്ചായത്ത് പ്രസിഡന്റിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
പ്രചാരണം അടിസ്ഥാന രഹിതം -പ്രസിഡന്റ്
ആയഞ്ചേരി: ഹരിതകർമ സേനക്ക് വാർഡുകളിൽനിന്ന് അജൈവ മാലിന്യങ്ങൾ എം.സി.എഫിൽ എത്തിക്കുന്നതിന് വേണ്ടി വാങ്ങിയ വാഹനത്തിന് കാരിയർ ഉൾപ്പെടെ അനുബന്ധ പ്രവൃത്തി പൂർത്തിയാകാത്തതിനാലാണ് നിരത്തിലിറക്കാൻ കഴിയാതെ വന്നതെന്ന് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ് പറഞ്ഞു.
ഇതുസംബന്ധമായി എൽ.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രസിഡന്റ് അറിയിച്ചു. പ്രവൃത്തി പൂർത്തിയാക്കി ഉടൻ ഡ്രൈവറെ നിയമിച്ച് വാഹനം ഹരിതകർമസേനക്ക് വിട്ടുകൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.