പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. പഞ്ചായത്തിൽ ഈ മാസം 23 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ 1, 2, 7, 8, 15, 18 വാർഡുകളിലാണ് കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ ചെറിയകുമ്പളം, പാറക്കടവ് ഭാഗങ്ങളിൽ നിരവധിപേർക്ക് രോഗമുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഡെങ്കി ബാധിത മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ഹെൽത്ത് ഇൻെസ്പക്ടർ എ.ടി. പ്രമീള പറഞ്ഞു. ഇവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഫോഗിങ് നടത്തി. ആരോഗ്യപ്രവർത്തകരെ ഉപയോഗപ്പെടുത്തി കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തി. പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ നോട്ടീസ് വിതരണവും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
പഞ്ചായത്തിൽ പൊതുജനാരോഗ്യ ആക്ട് നിലവിൽ വരുകയും ഇതിന്റെ ഭാഗമായി പൊതുജനാരോഗ്യ സമിതിയും പ്രവർത്തിച്ചു വരുന്നുണ്ട്. പൊതു ജനാരോഗ്യ പ്രകാരം കൊതുകുകൾക്ക് വളരാനാവശ്യമായ സാഹചര്യം വീടുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ കണ്ടെത്തിയാൽ ഫൈൻ ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.