കൊടുവള്ളി: പന്ത്രണ്ടു വർഷമായി ഒരുവിധ അറ്റകുറ്റപ്പണിയും നടത്താത്തതിനാൽ കുഴിയായിക്കിടക്കുന്ന കൊടുവള്ളി ടൗൺ-ചോലക്കര റോഡിൽ വിദ്യാർഥികൾക്കും നാട്ടുകാർക്കും ദുരിതയാത്ര. കൊടുവള്ളി സർവിസ് സഹകരണ ബാങ്കിന് സമീപത്തു നിന്നാരംഭിച്ച് ചോലക്കര പള്ളിവരെ നീളുന്ന സി.എച്ച്. അബ്ദു റഹിമാൻ റോഡും അനുബന്ധ റോഡായ കെ.എം.ഒ -ഷൈജൽ റോഡുമാണ് തകർന്നു കിടക്കുന്നത്.
മഴക്കാലമായതോടെ റോഡിൽ വെള്ളക്കെട്ടുണ്ട്. ഇതിനാൽ കുഴികൾ തിരിച്ചറിയാനാകാതെ സ്കൂട്ടർ യാത്രക്കാർ ഉൾപ്പെടെയുള്ള ഒട്ടേറെ പേർ വീണ് പരിക്കുപറ്റിയിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയുണ്ടായിട്ടില്ല. നാട്ടുകാർ പാലക്കുറ്റിയിലേക്കും കിഴക്കോത്തേക്കും പോകാൻ ആശ്രയിക്കുന്ന റോഡിത്.
കൊടുവള്ളി ഗവ. ആർട്സ് കോളജിലേക്ക് വിദ്യാർഥികൾ എളുപ്പ വഴിയായി നടന്ന് പോകുന്നതും ഇതിലൂടെയാണ്. റോഡിന്റെ വശങ്ങളിൽ ഓവു ചാലുകളില്ലാത്തതിനാൽ മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചാണ് റോഡ് തകരുന്നത്. തകർന്ന റോഡിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. റോഡിന്റെ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രീൻവാലി റെസിഡൻസ് അസോസിയേഷൻ നഗരസഭ ചെയർമാൻ വെള്ളറ അബ്ദുവിന് നിവേദനം നൽകിയിരിക്കുകയാണ്.