കോഴിക്കോട്: യുവതിയെ കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ തള്ളിയ കേസിൽ അവസാന പ്രതിയും പിടിയിൽ. കൊലപാതകം നടത്തിയ പ്രതികളെ സൈനബയുടെ ആഭരണങ്ങൾ വിൽക്കാൻ സഹായിച്ച പിലാപ്പി നജുമുദ്ദീനെ (30)യാണ് ഗൂഡല്ലൂരിലെ ഒളിത്താവളത്തിൽനിന്ന് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ നവംബറിൽ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽനിന്ന് സൈനബയെ കാറിൽ കയറ്റി കൊണ്ടുപോയി ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സ്വർണാഭരണവും പണവും മോഷ്ടിച്ച സംഘം മൃതദേഹം തമിഴ്നാട്ടിലെ നാടുകാണി ചുരത്തിൽ തള്ളി ഗൂഡല്ലൂരിലേക്ക് കടന്നു. കൊലപാതകം നടത്തിയ ഒന്നും രണ്ടും പ്രതികളെയും സ്വർണവിൽപനക്ക് സഹായിച്ച മറ്റു രണ്ടു പ്രതികളെയും തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽനിന്നും സേലത്തുനിന്നും പിടികൂടിയിരുന്നു.
അഞ്ചാം പ്രതിയായ നജുമുദ്ദീൻ ഒളിവിൽ പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. കസബ പൊലീസ് ഇൻസ്പെക്ടർ രാജേഷ് മലങ്കരത്ത്, സബ് ഇൻസ്പെക്ടർ എൻ.പി. രാഘവൻ, എ.എസ്.ഐ പി.കെ. ഷിജി, സിവിൽ പൊലീസ് ഓഫിസർ പി. സജേഷ് കുമാർ, പി.എം. രതീഷ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.