ഫറോക്ക്: അബ്ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് പണം നൽകി മോചിപ്പിച്ചെടുക്കാനുള്ള പരിശ്രമങ്ങൾക്ക് വേഗതയേറി. 34 കോടി രൂപ നൽകാനുള്ള അവസാന തീയതി ചൊവ്വാഴ്ചയാണെന്നിരിക്കെ റഹീം സഹായ നിധിയിലേക്ക് 20 കോടിയോളം രൂപ സമാഹരിച്ചു. രാജ്യത്തിനകത്തുള്ളവരും വിദേശത്തുള്ളവരും അക്ഷീണം പ്രയത്നിച്ചാണ് ഈ നേട്ടം കൈവരിച്ചത്. അതേ സമയം, ഇവിടെ പിരിച്ചെടുത്ത പണം സൗദിയിലേക്ക് എത്തിക്കാനുള്ള വഴി തേടുന്നുണ്ട്.
ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാൻ ശ്രമം തുടങ്ങി. വധശിക്ഷയും അതിനുപകരം പാരിതോഷികവുമെന്നുള്ളത് സൗദി സർക്കാറുമായി നേരിട്ടു ബന്ധമില്ലാത്ത വിഷയമായതിനാൽ ഔദ്യോഗികമായി ഇടപെടാൻ പരിമിതികളുണ്ടെന്നാണ് സൗദി അധികൃതരിൽനിന്ന് അവിടത്തെ മലയാളികൾക്ക് ലഭിച്ച വിവരം.
നഷ്ടപരിഹാര തുക ആവശ്യപ്പെട്ടത് ഒരു കുടുംബമാണെന്നും ഇത് ഭരണകൂടത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് സൗദി അധികൃതരുടെ വെളിപ്പെടുത്തൽ. എന്നാലും മോചനവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്തുതരാൻ തയാറാണെന്നും റിയാദിലെ മലയാളികൾക്ക് സൗദി അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
മകന്റെ മോചനത്തിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ഉമ്മ പാത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ബുധനാഴ്ച പ്രത്യേകമായി കത്തയച്ചിട്ടുണ്ട്. മറ്റു പല വഴിക്കും ഇടപെടൽ നടത്തുന്നതിനു പുറമെയാണിത്. 34 കോടിയിലേക്ക് 10 കോടി അഡ്വാൻസ് നൽകി തീയതി നീട്ടിക്കിട്ടാനാണ് ശ്രമം തുടരുന്നത്.
സൗദി കുടുംബത്തിന് ബാക്കിയുള്ള പണം ലഭിക്കുമെന്ന വിശ്വാസ്യതയും ഇതുവഴി ഉറപ്പാക്കാം. കൈയബദ്ധം മൂലം സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിൽ 18 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ് അബ്ദുൽ റഹീം.