കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പണം വാങ്ങിയത് 40ഓളം പേരിൽനിന്നെന്ന് സൂചന. പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജനുവരി 18ന് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ പ്രതി പൊക്കുന്ന് സ്വദേശി വി. ദിദിൻ കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
മൊത്തം ഒന്നരക്കോടിയോളം രൂപയാണ് ഇയാൾ കൈപ്പറ്റിയത്. ചിലരോട് ബാങ്ക് അക്കൗണ്ട് മുഖേനെ ഓൺലൈനായി അയച്ചുവാങ്ങിയപ്പോൾ മറ്റുചിലരോട് നേരിട്ട് തുക കൈപ്പറ്റുകയായിരുന്നു. ഒരു ലക്ഷം മുതൽ നാലുലക്ഷം രൂപ വരെയാണ് ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപറേറ്റർ അടക്കമുള്ള ജോലി തരപ്പെടുത്തി നൽകാമെന്നുപറഞ്ഞ് വാങ്ങിയത്. 30,000 മുതൽ 33,000 രൂപവരെ അടിസ്ഥാന ശമ്പളം ലഭിക്കുമെന്നാണ് പറഞ്ഞത്.
ഭരിക്കുന്ന പാർട്ടിയുടെ ഒത്താശയോടെയാണ് നിയമനമെന്നാണ് പണം വാങ്ങിയവരോട് ഇയാൾ പറഞ്ഞത്. മെഡിക്കൽ കോളജിലെ ചിലർക്കും ആരോഗ്യമന്ത്രിയുടെ ഓഫിസിലെ ചിലർക്കും മാത്രമാണ് ഇതു സംബന്ധിച്ച് അറിവുള്ളതെന്നും നിയമനം നടക്കുന്നതുവരെ വിവരങ്ങൾ പുറത്തുപറയരുതെന്നും ഇയാൾ പറഞ്ഞിരുന്നു.
നേരത്തേ ഒരുവർഷത്തോളം മെഡിക്കൽ കോളജിൽ ജോലി ചെയ്തപ്പോൾ ലഭിച്ച തിരിച്ചറിയൽ കാർഡ് കാണിച്ചാണ് പ്രതി ആളുകളെ വിശ്വസിപ്പിച്ചത്. മാത്രമല്ല പണം നൽകിയ ഒരാളുടെ ബന്ധു ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ‘ഉന്നതനെന്ന’ നിലയിൽ ഇയാൾ നേരിട്ടെത്തി വേണ്ട സഹായങ്ങൾ നൽകിയിരുന്നു.
പണം നൽകിയിട്ടും നിയമനം വൈകിയതോടെ ചിലർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംശയം ഉയർന്നത്. പിന്നീടാണ് പൊലീസിൽ പരാതി നൽകിയത്. പന്തീരാങ്കാവ് പൊലീസിന് പിന്നാലെ ബുധനാഴ്ച മെഡിക്കൽ കോളജ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ചേവായൂർ, ഫറോക്ക്, അത്തോളി, മുക്കം, കൊടുവള്ളി തുടങ്ങിയ സ്റ്റേഷനുകളിലും തട്ടിപ്പിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.