കൊണ്ടോട്ടി: മിശ്രിത രൂപത്തില്‍ കാപ്സ്യൂളുകളിലാക്കിയും ബാഗിലൊളിപ്പിച്ചും കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി ആറുപേരെ കരിപ്പൂർ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. രണ്ടുദിവസങ്ങളിലായി നടന്ന സ്വര്‍ണവേട്ടയില്‍ 5.46 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇതിന് ആഭ്യന്തര വിപണിയില്‍ മൂന്ന് കോടിയില്‍പരം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതില്‍ ഒരാളെ കള്ളക്കടത്ത് മാഫിയ തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമവും കസ്റ്റംസും പൊലീസും സി.ഐ.എസ്.എഫും അവസരോചിത ഇടപെടലിലൂടെ തടഞ്ഞു.
സ്വര്‍ണമിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കോഴിക്കോട് കൊടുവള്ളി പറയാര്ക്കണ്ടിയില് മുഹമ്മദ് ബഷീര്‍ (40), കക്കട്ടില്‍ ലിഗേഷ് (40), കോഴിക്കോട് ചെലര്ക്കാട് സ്വദേശി കൊല്ലന്റവിടെ അസീസ് (45), മലപ്പുറം സ്വദേശികളായ സമീര്‍ (34), അബ്ദുല്‍ ഷക്കീര്‍ (34), ബാഗില്‍ സ്വര്‍ണ മിശ്രിതം കടത്താന്‍ ശ്രമിച്ച കൊടുവള്ളി സ്വദേശി കറുമ്പരക്കുഴിയില് മുഹമ്മദ് മജീദ് (21) എന്നിവരാണ് ഞായറാഴ്ചയും തിങ്കളാഴ്ചയുമായി പിടിയിലായത്.
വിമാനത്താവളത്തിനകത്തെ പരിശോധനക്കുശേഷം പുറത്തെത്തിയ ലിഗേഷിനെയാണ് ഒരുസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ദോഹയില്‍നിന്ന് കരിപ്പൂരിലെത്തിയ ലിഗേഷിന് നേരെയുണ്ടായ അക്രമം ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്ന് കരിപ്പൂര്‍ പൊലീസും സി.ഐ.എസ്.എഫും ഇടപെടുകയായിരുന്നു. ഇതോടെ അക്രമിസംഘം രക്ഷപ്പെട്ടു. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത യാത്രികനെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ശരീരത്തിനകത്ത് കാപ്സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച 543 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെടുത്തു.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ തുടരന്വേഷണം ആരംഭിച്ചു. റിയാദില്‍നിന്ന് കരിപ്പൂരിലെത്തിയ മുഹമ്മദ് ബഷീറിന്റെ ശരീരത്തിനകത്തുനിന്ന് 619 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ കണ്ടെത്തി. ദോഹയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അസീസ് നാല് കാപ്സ്യൂളുകളിലായി 970 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ സമീറില്‍നിന്ന് കാപ്സ്യൂളുകളിലായി ഒളിപ്പിച്ച 1.277 കിലോഗ്രാം സ്വര്‍ണമിശ്രിതവും അബ്ദുല്‍ ഷക്കീറില്നിന്ന് 1.066 കിലോഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തു.
കൊടുവള്ളി സ്വദേശി മുഹമ്മദ് മജീദ് ബാഗേജിലുണ്ടായിരുന്ന ബെഡ്ഷീറ്റില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ദുബൈയില്‍നിന്ന് ഞായറാഴ്ചയാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. വിദഗ്ധമായി ഒളിപ്പിച്ച സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിദഗ്ധ പരിശോധനയിലൂടെ കണ്ടെടുക്കുകയായിരുന്നു. തുടരന്വേഷണം നടക്കുകയാണെന്നും സ്വര്‍ണക്കടത്തിന് പിറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.