ബാലുശ്ശേരി: കിനാലൂരിലെ ബാലുശ്ശേരി ഗവ. കോളജ് റോഡ് തകർന്ന നിലയിൽ തന്നെ. 2019ൽ കോളജ് ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വന്നപ്പോൾ തകർന്ന റോഡ് താൽക്കാലികമായി ക്വാറി വേസ്റ്റിട്ട് മിനുക്കിയെങ്കിലും പിന്നീട് വന്ന കനത്ത മഴയിൽ പഴയ സ്ഥിതിയിൽ തന്നെയായി. ഉഷാ സ്ക്കൂൾ സ്റ്റോപ്പ് മുതൽ കോളജ് വരെയുള്ള റോഡ് അറ്റകുറ്റപണി നടത്തി നന്നാക്കണമെന്ന് നിരവധി തവണ ആവശ്യമുയർന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
കോളജ് വരെ ബസ് സർവിസ് ഇല്ലാത്തതും വിദ്യാർഥികൾക്ക് ദുരിതമായിരിക്കുകയാണ്. ബാലുശ്ശേരിയിൽനിന്ന് വരുന്ന ബസുകൾ കിനാലൂർ ഏഴുകണ്ടി വരെ മാത്രമേ വരാറുള്ളൂ. ഇവിടെനിന്ന് മൂന്നു കിലോമീറ്ററോളം ദൂരം നടന്നുവേണം വിദ്യാർഥികൾക്ക് കോളജിലെത്താൻ. ഇതു സംബന്ധിച്ച് കോളജ് അധികൃതർ ജില്ല കലക്ടർ, ആർ.ടി.ഒ, എം.എൽ.എ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.