നാദാപുരം: മാർച്ചിൽ മൂന്നു കോടിയോളം രൂപ ചെലവഴിച്ച് പുനർനിർമിച്ച റോഡ് വെട്ടിപ്പൊളിച്ചു. നാദാപുരം- പുളിക്കൂൽ റോഡിനാണ് ദുർഗതി. റോഡ് പണി പൂർത്തിയായത് മുതൽ വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പിൽ ചോർച്ച വന്ന് റോഡിനിരുവശവും വെള്ളം ഒഴുകുകയായിരുന്നു. ചോർച്ച രൂക്ഷമായതോടെ വിഷ്ണുമംഗലം പുഴയിൽനിന്ന് പുറമേരി ട്രീറ്റ്മെൻറ് പ്ലാൻറിലേക്ക് പമ്പ് ചെയ്യുന്ന വെള്ളം ഇവിടെ പാഴായി നഷ്ടപ്പെട്ടു.
വർഷങ്ങൾക്ക് മുമ്പ് പൈപ്പിടാൻ മാത്രം വീതിയുണ്ടായിരുന്ന ചെറുവഴി നവീകരണത്തിന്റെ ഭാഗമായി വികസിപ്പിച്ചതോടെ റോഡിന്റെ മധ്യഭാഗത്താണ് പൈപ്പ് ലൈൻ ഉള്ളത്. മണ്ണുമാന്തി ഉപയോഗിച്ച് ആഴമേറിയ കുഴിയെടുത്തതിനാൽ ഇതുവഴി കടന്നുപോയ ബി.എസ്.എൻ.എലിന്റെ കേബിളുകളും മുറിഞ്ഞനിലയിലാണ്.
ഇതോടെ നാദാപുരം എക്സ്ചേഞ്ചിന് കീഴിലുള്ള നിരവധി ഫോണുകളും നിശ്ചലമായി. കഴിഞ്ഞ സാമ്പത്തിക വർഷമാണ് മൂന്നു കോടിയോളം രൂപ ചെലവിൽ റോഡ് പുനർനിർമിച്ചത്.
ഫോട്ടോ കടപ്പാട് : മാധ്യമം