കൊയിലാണ്ടി: പരീക്ഷകൾ വിദ്യാർഥികളുടെ മാനസിക സംഘർഷങ്ങൾ വർധിപ്പിക്കുന്നതിനാൽ പരീക്ഷകളുടെ എണ്ണംകുറക്കുന്നതിനെ കുറിച്ച് ആലോചിച്ചുവരുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കിഫ്ബി ധനസഹായത്തോടെ സംസ്ഥാന തീരദേശ വികസന കോർപറേഷൻ ആന്തട്ട ഗവ. യു.പി സ്കൂളിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു.
സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുത്താൽ നടപടികളുണ്ടാകും. ഡിപ്പാർട്മെന്റ് വിജിലൻസ് പിറകെയുണ്ടെന്നകാര്യം ഓർക്കണം. ഏഴു വർഷത്തിനിടെ സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ വൻ തോതിൽ മെച്ചപ്പെടുത്തി.
3700 കോടി സ്കൂളുകൾക്ക് ചെലവഴിച്ചു -മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ്, പി.ടി.എ പ്രസിഡൻറ് എ. ഹരിദാസ്, തീരദേശ വികസന കോർപറേഷൻ റീജനൽ മാനേജർ പി.കെ. രഞ്ജിനി, ജനപ്രതിനിധികളായ പി. വേണു, ബിന്ദു മുതിരക്കണ്ടത്തിൽ, ഇ.കെ. ജുബീഷ്, സുധ കാവുങ്കൽ പൊയിൽ, എം. സുധ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എ.പി. ഗിരീഷ്കുമാർ, അനിൽ പറമ്പത്ത്, വി.വി. ഗംഗാധരൻ, സി.പി. ആലി, ബാബു പഞ്ഞാട്ട് എന്നിവർ സംസാരിച്ചു.