കോഴിക്കോട്: ഉച്ചഭക്ഷണത്തിന് ഫണ്ടില്ലാതെ നെട്ടോട്ടമോടുന്ന പ്രധാനാധ്യാപകർ അനിശ്ചിതകാല സമരത്തിലേക്ക്. തിരുവോണനാളിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നിരാഹാര സമരത്തിന് ഒരുങ്ങിയ പ്രധാനാധ്യാപകരെ വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് വിളിക്കുകയും ഫണ്ട് വർധിപ്പിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തെങ്കിലും ഇതുവരെ ഒരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അടുത്ത മാസം മുതൽ അധ്യാപകർ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നത്.
പാലിന്റെയും മുട്ടയുടെയും പലവ്യഞ്ജനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുതിച്ചുയർന്നെങ്കിലും 2016ൽ നിജപ്പെടുത്തിയ അതേ തുകയാണ് ഉച്ചഭക്ഷണത്തിന് സർക്കാർ ഇപ്പോഴും അനുവദിച്ചിട്ടുള്ളത്. 150 കുട്ടികളുള്ള സ്കൂളിൽ ഉച്ചഭക്ഷണത്തിനായി ഒരു കുട്ടിക്ക് എട്ട് രൂപയാണ് അനുവദിക്കുന്നത്.
500 കുട്ടികൾ ഉള്ളിടത്ത് ഏഴുരൂപയും ഇതിനു മുകളിൽ വിദ്യാർഥികളുണ്ടെങ്കിൽ ആറുരൂപയുമാണ് അനുവദിക്കുന്നത്. ഈ തുക കൊണ്ട് സർക്കാർ പറയുന്നതുപോലെ പാലും മുട്ടയും പച്ചക്കറിയുമൊക്കെ എങ്ങനെ നൽകുമെന്നാണ് അധ്യാപകരുടെ ചോദ്യം.
സ്കൂൾ മേളകൾ ഉൾപ്പെടെ സർക്കാർ പരിപാടികളെല്ലാം ബഹിഷ്കരിക്കാനാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ തീരുമാനം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും കത്ത് നൽകിയതായി ആണ് റിപ്പോർട്ടുകൾ വരുന്നത്