പേരാമ്പ്ര: മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെത്തുടർന്ന് യുവതി മരിച്ചതായി പരാതി. കൂത്താളി പൈതോത്ത് കേളൻ മുക്കിലെ കാപ്പുമ്മൽ ഗിരീഷിന്റെ ഭാര്യ രജനിയാണ്(37) മരിച്ചത്. കാലുവേദനയെത്തുടർന്ന് ഈ മാസം നാലിനാണ് യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. അത്യാഹിത വിഭാഗത്തിലെത്തിയ രജനിയെ പരിശോധനക്കുശേഷം തിരിച്ചയച്ചു. വേദനകൂടിയതോടെ ആറിന് വീണ്ടും ചികിത്സക്കെത്തി.
യുവതി ഉച്ചത്തിൽ കരഞ്ഞതോട മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ഡോക്ടർമാർ മാനസികരോഗ വിഭാഗത്തിലെ ചികിത്സക്ക് വിധേയയാക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് മറ്റൊരു ഡോക്ടർ കേസ് ഷീറ്റ് കാണുകയും ന്യൂറോളജി വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. രോഗം മൂർച്ഛിച്ചതോടെ വെന്റിലേറ്ററിലേക്കും മാറ്റി. തുടർന്ന് ചൊവ്വാഴ്ച പുലർച്ച അഞ്ചുമണിയോടെ മരിച്ചു.
ഞെരമ്പുകളിൽ അമിതമായ ബാക്ടീരിയ ബാധ മൂലമുണ്ടാകുന്ന ജി.ബി.എസ് എന്ന രോഗമായിരുന്നു യുവതിക്കെന്നും ഇത് തിരിച്ചറിയാതെ മറ്റൊരു വിഭാഗത്തിൽ ചികിത്സ നൽകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. കുടുംബം നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസ്.
മക്കൾ: അഭിഷേക് കൃഷ്ണ, അഭിനവ് കൃഷ്ണ, അഭിനന്ദ് കൃഷ്ണ (മൂവരും കൂത്താളി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ). പാലേരി തോട്ടത്താം കണ്ടിയിലെ ചമ്മം കുഴിയിൽ പരേതനായ കൃഷ്ണൻ നായരുടെയും സുശീലയുടെയും മകളാണ്. സഹോദരങ്ങൾ: രജിത, രജീഷ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹവുമായി പ്രതിഷേധിക്കുമെന്നുപറഞ്ഞ് ബി.ജെ.പി രംഗത്തെത്തി. എന്നാൽ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരുമായി ചർച്ച നടത്തുകയും അന്വേഷണം നടത്തി ഡി.എം.ഇക്ക് റിപ്പോർട്ട് കൈമാറുമെന്ന ഉറപ്പിൽ കുടുംബം മൃതദേഹം ഏറ്റെടുത്തു മടങ്ങി.
ആരോപണം നിഷേധിച്ച് മെഡിക്കൽ കോളജ്
കോഴിക്കോട്: സംഭവത്തിൽ ചികിത്സയിൽ പിഴവുപറ്റി എന്ന ആരോപണം മെഡിക്കൽ കോളജ് അധികൃതർ നിഷേധിച്ചു. ശരീര മരവിപ്പും വേദനയുമായെത്തിയ യുവതിക്ക് ആദ്യദിനങ്ങളിൽ ഗില്ലൻബാരി ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നില്ല. ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയതോടെ ന്യൂറോളജി വാർഡിലേക്ക് മാറ്റി ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ട്.
കുടുംബത്തിന്റെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ട് ഡോ. ശ്രീജയൻ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് സൂപ്രണ്ട് ഡോ. ശ്രീജയൻ പ്രിൻസിപ്പലിന് കൈമാറുകയും ഇത് തുടർ നടപടികൾക്കായി ഡി.എം.ഇക്ക് കൈമാറിയിട്ടുണ്ടെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സജിത്കുമാർ അറിയിച്ചു.