കുന്ദമംഗലം: സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയും എൽസിവറും പ്രസിദ്ധീകരിച്ച 2024ലെ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) ശാസ്ത്രജ്ഞനായ ഡോ. എൻ.എസ്. മഗേഷും. തുടർച്ചയായി നാലാം തവണയാണ് മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ അദ്ദേഹം ഇടംപിടിക്കുന്നത്. പരിസ്ഥിതി ശാസ്ത്ര മേഖലയിൽ ഗവേഷണം നടത്തുന്ന ഡോ. മഗേഷ്, ദ ജേണൽ ഓഫ് ഹാസാർഡസ് മെറ്റീരിയൽസ്, സയൻസ് ഓഫ് ദ ടോട്ടൽ എൻവയൺമെന്റ്, കെമോസ്ഫിയർ, മറൈൻ പൊല്യൂഷൻ ബുള്ളറ്റിൻ തുടങ്ങിയ നിരവധി ദേശീയ, രാജ്യാന്തര ജേണലുകളിലായി 78 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശൂർ വരന്തിരപ്പള്ളി സ്വദേശിയാണ്.
ഗോവയിലെ നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഇന്ത്യൻ ശാസ്ത്ര പര്യവേക്ഷണത്തിന്റെ ഭാഗമായി അന്റാർട്ടിക്കയിൽ ഗവേഷണം നടത്തിയിരുന്നു. കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ സ്ഥാപനങ്ങളിൽ ഡോ. മഗേഷിനെ കൂടാതെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രഫ. കെ.പി. സുധീറും ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസ് ഡയറക്ടർ പ്രഫ. സി.എച്ച്. സുരേഷും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.