പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപകമാവുന്നു. രോഗം ബാധിച്ച് നിലവിൽ 170ഓളം പേർ ചികിത്സയിലാണ്. ഒഴിവുദിവസങ്ങളിലടക്കം ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും രോഗം നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.
മൂന്നാഴ്ച മുമ്പ് പാലേരി വടക്കുമ്പാട് സ്കൂളിലെ കുട്ടികൾക്കാണ് രോഗം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് വളരെ പെട്ടെന്ന് രോഗം പടരുകയായിരുന്നു. രോഗം വ്യാപിച്ചതോടെ സ്കൂളിൽ ഉച്ചഭക്ഷണം നിർത്തിവെക്കുകയും സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്ക് അവധി കൊടുക്കുകയും ചെയ്തിരുന്നു. സ്കൂളിലെ മുഴുവൻ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കും രോഗനിർണയം നടത്തിയിരുന്നു.60ഓളം കുട്ടികൾക്ക് രോഗം കണ്ടെത്തിയിരുന്നു. സ്കൂൾ അടച്ചതോടെ രോഗബാധിതരായ കുട്ടികളിൽനിന്ന് വീട്ടിലെ മറ്റുള്ളവർക്കും രോഗം പടരുകയായിരുന്നു.
ചൊവ്വാഴ്ച പാലേരിയിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 97 പേർ പങ്കെടുത്തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വീടുകൾതോറും കയറി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ്. പ്രധാന സ്ഥലങ്ങളിലെല്ലാം ബോധവത്കരണ പോസ്റ്റർ പതിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും ഒഴിവുദിവസങ്ങളിൽ ഉൾപ്പെടെ പ്രവർത്തനങ്ങളിലാണ്. രോഗം പകരാതിരിക്കാൻ ജനങ്ങൾ ജാഗ്രത കാണിക്കണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പ്രമീള പറഞ്ഞു.
രോഗലക്ഷണങ്ങൾ
പനി, തലവേദന, വിശപ്പില്ലായ്മ, വയറുവേദന, ഛർദി, ഓക്കാനം, അമിതമായ ക്ഷീണം, മൂത്രത്തിന് മഞ്ഞനിറം, ക്രമേണ കണ്ണിനും ത്വക്കിനും നഖത്തിനും മഞ്ഞനിറം.
പ്രതിരോധ മാർഗങ്ങൾ
വ്യക്തി ശുചിത്വം പാലിക്കുക, പരിസര ശുചിത്വം പാലിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കിണർ ക്ലോറിനേറ്റ് ചെയ്യുക, ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് കഴിക്കുക, മലമൂത്ര വിസർജനം കക്കൂസിൽ മാത്രം നടത്തുക, ഭക്ഷണസാധനങ്ങൾ മൂടിവെക്കുക, ആഹാരം ചൂടോടെ ഉപയോഗിക്കുക, രോഗിയുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക.