കൊയിലാണ്ടി: ഓണമെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജില്ലയിലെ മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങളില്ലാത്തത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാവുന്നു. മുൻകാലങ്ങളിൽ ഓണക്കാലത്ത് പലവ്യഞ്ജനങ്ങളും അരിയും നേരത്തേതന്നെ മാവേലി സ്റ്റോറിലെത്തുകയും പൊതുമാർക്കറ്റിനേക്കാൾ വിലക്കുറവിൽ ഭക്ഷ്യവസ്തുകൾ ലഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇന്ന് അത്തം തുടങ്ങുമ്പോഴും അവശ്യവസ്തുക്കളായ മുളക്, മല്ലി, മഞ്ഞൾ തുടങ്ങിയ പലതും ലഭിക്കാനില്ലെന്നാണ് ജനങ്ങളുടെ പരാതി. നിലവിൽ അഞ്ചു കിലോ ജയ അരിയാണ് മാവേലി സ്റ്റോറുകളിൽ ലഭ്യമായിട്ടുള്ളത്. ചിലപ്പോൾ ഇതും കിട്ടാത്ത അവസ്ഥയാണ്. സ്വകാര്യ കമ്പനികളുടെ പാക്കറ്റ് പൊടികളും സോപ്പ് പൊടിയും ആണ് ഇവിടെ പ്രധാനമായും ഇപ്പോൾ സ്റ്റോക്ക് ബോർഡിൽ കാണിക്കുന്നത്. ഉഴുന്നും ചെറുപയറും ലഭ്യമാണെങ്കിലും പൊതുമാർക്കറ്റിലെ വിലതന്നെയാണ് ഇവിടെയും.
ജില്ല സപ്ലൈ ഓഫിസുകളുടെ അനുമതിയിൽ ജില്ല ഡിപ്പോ വഴി എത്തുന്ന ഭക്ഷ്യവസ്തുക്കൾ പാക്കറ്റ് ചെയ്തിരുന്ന പല സ്ത്രീ തൊഴിലാളികളും ഇപ്പോൾ തൊഴിൽ രഹിതരായ അവസ്ഥയിലാണ്. ഇവരിൽ പലരും തൊഴിലുറപ്പ് തൊഴിലിന് പോകുകയാണ് ചെയ്യുന്നത്. നേരത്തേ തൊഴിലാളികൾക്ക് പ്രതിമാസ വേതനമായി 12,000 രൂപ ലഭിച്ചിരുന്നെങ്കിൽ നിലവിൽ 6000 രൂപയാണ് വേതനമായി നൽകുന്നത്.