വടകര: സി.എ.എ നിയമത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോദിയെക്കാൾ കൂടുതൽ വിമർശിച്ചത് രാഹുൽ ഗാന്ധിയെയാണെന്നും സി.എ.എ നിയമത്തെ സി.പി.എം ഉപയോഗിച്ചത് കോൺഗ്രസിന് എതിരെ സംസാരിക്കുന്നതിനാണെന്നും യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ.
വടകര പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിൽ രാഹുൽ ഗാന്ധി പോയില്ല എന്ന കള്ളം പറയാൻപോലും മുഖ്യമന്ത്രിക്ക് മടിയുണ്ടായില്ല. സന്ദർശനത്തിന് അനുമതി നിഷേധിക്കപ്പെട്ടിട്ടുപോലും മണിപ്പൂർ സന്ദർശിച്ച വ്യക്തിയാണ് രാഹുൽ ഗാന്ധി. അതേസമയം, ഇന്ത്യയുടെ പ്രധാനമന്ത്രി എന്തുകൊണ്ട് പോയില്ല എന്ന് മുഖ്യമന്ത്രി ചോദിക്കുന്നില്ല.
മോദിയുടെ പേര് പറഞ്ഞ് എപ്പോഴെങ്കിലും മുഖ്യമന്ത്രി വിമർശിച്ചിട്ടുണ്ടെങ്കിൽ സി.പി.എം പ്രവർത്തകർ കാണിച്ചുതരണം. വടകരയിലെ സ്ത്രീകളെ സംബന്ധിച്ച് സി.പി.എം നേതാവ് പി. ജയരാജന് നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു.
വടകരയിലെ സ്ത്രീകളെ വെണ്ണപ്പാളികള്‍ എന്നാണ് പി. ജയരാജന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശേഷിപ്പിച്ചത്. തൊഴിലുറപ്പു സ്ത്രീകളെ നിര്‍ബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവരുന്നതു സംബന്ധിച്ച് യു.ഡി.എഫ് റാലിയില്‍ പങ്കെടുത്ത ചിലര്‍ മുദ്രാവാക്യം വിളിച്ചു.
ഞങ്ങള്‍ അത് അപ്പോള്‍തന്നെ തള്ളിപ്പറഞ്ഞു. സോണിയ ഗാന്ധിയുടെയും മന്മോഹന് സിങ്ങിന്റെയും കോണ്‍ഗ്രസ് സര്‍ക്കാറിന്റെയും സ്വപ്നപദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. ബോംബ് നിർമാണത്തെ നാട്ടുമര്യാദ എന്നുവിളിച്ച് പ്രോത്സാഹിപ്പിക്കുന്ന സി.പി.എം നിലപാട് ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാവും. ബോംബ് നിർമാണം സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ടുകൾ സർക്കാർ അവഗണിച്ചു. ഇത് വടകരയിലെ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ സംബന്ധിച്ച് ഗുരുതരമായ വിഷയമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പ്രസ്ക്ലബ് പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. രാജീവന് പറമ്പത്ത് സ്വാഗതവും വി. രഗീഷ് നന്ദിയും പറഞ്ഞു.