കോഴിക്കോട്: അരിക്കുളം ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പെയിന്റിങ് തൊഴിലാളി രാജീവന്റെ മരണത്തിൽ ദൂരൂഹത. ഊരള്ളൂർ നടുവണ്ണൂർ റോഡിലെ വയലരികിലാണു കോച്ചരി രാജീവന്റെ (56) മൃതദേഹം കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ രാജീവനെ കുറച്ചു ദിവസമായി കാണാനില്ലായിരുന്നു. കത്തിക്കരിഞ്ഞ കാലിന്റെ ഭാഗമാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസ് ഡ്രോൺ ഉപയോഗിച്ച് വയലിൽ നടത്തിയ പരിശോധനയിൽ മറ്റു ഭാഗങ്ങൾ കണ്ടെത്തി. വസ്ത്രങ്ങളിൽ നിന്നാണു രാജീവന്റെ മൃതദേഹം ആണെന്ന സൂചന ലഭിച്ചത്. പിന്നീട് ഭാര്യ മൃതദേഹം തിരിച്ചറിഞ്ഞു.
ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. അധികം ആള്‍താമസമില്ലാത്ത വിശാലമായ വയല്‍ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ഒരു വീടുള്ളത് ആള്‍താമസമില്ലാതെ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. മൃതദേഹത്തിനു സമീപം കണ്ടെത്തിയ ചെരിപ്പിന്റെ മണം പിടിച്ച് പൊലീസ് നായ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്കു തന്നെ പോയതും നാട്ടുകാരിൽ ആശങ്ക പടർത്തി. മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും കൂടുതൽ അന്വേഷണങ്ങൾക്കും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനും ശേഷമേ ഇക്കാര്യങ്ങൾ വ്യക്തമാവുകയുള്ളുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
മദ്യപസംഘം സ്ഥിരമായി തമ്പടിക്കുന്ന മേഖലയാണ് ഊരള്ളൂരിലെ വയൽ പ്രദേശം. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടേക്ക് ആളുകൾ എത്തിയിട്ടില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. രാത്രി ആളുകൾ കൂടിയിരുന്നു മദ്യപിക്കുന്ന പ്രദേശത്തേക്കു പെട്ടെന്നാണ് ആരും വരാതിരുന്നത്. ഇതിനു പിന്നാലെ ഇന്ന് രാവിലെ കത്തിക്കരിഞ്ഞ നിലയില്‍ രാജീവന്റെ മൃതദേഹം കണ്ടെത്തിയതു ദുരൂഹതയണർത്തുന്നതാണെന്ന് നാട്ടുകാർ പറഞ്ഞു. ഈ പ്രദേശത്ത് രാജീവൻ സാധാരണയായി എത്താറുണ്ടായിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു.