പാലേരി: കഞ്ചാവുമായി മറ്റൊരാളുടെ വീട്ടിൽ ഒളിച്ചുകഴിഞ്ഞയാളെ മണികൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പെരുവണ്ണാമൂഴി പൊലീസ് കീഴ്പ്പെടുത്തി. സൂപ്പിക്കട പാറേമ്മൽ ലത്തീഫ് (47) ആണ് അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിലായിരുന്നു റൈഡ്.
പ്രതി വീടിന്റെ വാതിലടച്ച് അകത്ത് ഇരിപ്പുറപ്പിച്ചു. എന്നാൽ, കൂടുതൽ പൊലീസെത്തി ബലപ്രയോഗത്തിലൂടെ ഇയാളെ അറസ്റ്റുചെയ്തു. ഉച്ചക്കുശേഷം ആരംഭിച്ച ദൗത്യം രാത്രി 7.45 ഓടെയാണ് അവസാനിച്ചത്. ഇവിടെ നിന്നും 2.760 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെയും തൊണ്ടിമുതലും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
പൊലീസ് ഇൻസ്പെക്ടർ കെ. സുഷീർ, സബ് ഇൻസ്പക്ടർ ആർ.സി. ബിജു, സബ് ഇൻസ്പെക്ടർമാരായ മനോജ്, എം. രാജീവൻ, എ.എസ്.ഐ രഞ്ജീഷ്, സി.പി.ഒമാരായ സൗമ്യ, ഷൈജു, അനീഷ് എന്നിവർ നേതൃത്വം നൽകി. കഞ്ചാവ് സൂക്ഷിച്ച വീട്ടിലെ കുട്ടികളെ മർദിച്ചതായി ലഭിച്ച പരാതിയിൽ മറ്റൊരു കേസും ലത്തീഫിന്റെ പേരിൽ പൊലീസ് എടുത്തിട്ടുണ്ട്.