കൊയിലാണ്ടി: പത്തുവയസ്സുകാരായ രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും പത്തുലക്ഷം രൂപ പിഴയും. നടുവണ്ണൂർ മലപ്പാട്ട് കരുവടിയിൽവീട്ടിൽ പുഷ്പരാജനെയാണ് (63) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് ടി.പി. അനിൽ ശിക്ഷിച്ചത്.
രണ്ടു കേസുകളിലായി 20 വർഷം വീതം കഠിന തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടികളിലൊരാൾ പീഡന വിവരം പിന്നീട് ചേച്ചിയോട് പറഞ്ഞതിനെ തുടർന്ന് രണ്ടു കുട്ടികളുടെയും രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു.
ചൈൽഡ് ലൈൻ വിവരം പൊലീസിനും കൈമാറി. ബാലുശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ ജീവൻ ജോർജ് ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പിന്തുണയുമായി പി. ജെതിൻ ഹാജരായി.