നാദാപുരം: കല്ലാച്ചി ഇലക്ട്രിക് സെക്ഷനു കീഴിൽ കുമ്മങ്കോട് ഇല്ലത്ത് മുക്കിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ അപകടാവസ്ഥയിൽ. വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ നിത്യവും കടന്നുപോകുന്ന വഴിയിലെ ട്രാൻസ്ഫോർമറിലാണ് അപകടസാധ്യതയുള്ളത്. റോഡ് നവീകരണത്തിന് ശേഷമാണ് ട്രാൻസ്ഫോർമർ നാട്ടുകാർക്ക് ഭീഷണിയായി മാറിയത്.
നവീകരിച്ചതിനെ തുടർന്ന് നടപ്പാതയുടെയും റോഡിന്റെയും ഉയരം വർധിച്ചിട്ടുണ്ട്. ചെറിയ കുട്ടികളുടെ കൈകൾപോലും ഫ്യൂസ് വയറുകളിൽ തട്ടുന്ന സ്ഥിതിയാണ്. ഫ്യൂസും വൈദ്യുതി ലൈനിൽനിന്നുള്ള വയറുകളും മുകളിലേക്ക് മാറ്റി സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.